കോഴിക്കോട് ; കേടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പുനടത്തിയ ധനകാര്യസ്ഥാന ഉടമ അറസ്റ്റിലായി. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ചോലക്കാപറമ്പില്‍ അബ്ദുല്ലക്കുട്ടി (42) ആണ് അറസ്‌റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്‌തത്. ഒരു വര്‍ഷത്തിലേറെയായി നിലമ്പൂരില്‍ വനത്തോട് ചേര്‍ന്നുളള വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂരിലെ സിസികോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ച കോഡിഷ് ധിനി ലിമിറ്റഡ് എന്ന് ധനകാര്യ സ്ഥാപനത്തിന്‍റെ ഉടമയാണിയാള്‍. സ്ഥാപനത്തിലേക്ക് വലിയതോതില്‍ നിക്ഷേപം സ്വീകരിക്കകുയും പിന്നീട് മുങ്ങുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിരവധി പേരില്‍ നിന്നായി പത്തുകോടിയോളം രൂപയാണ് നിക്ഷേപമായി സ്വീകരിച്ചിട്ടുളളത്. കേസില്‍ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന സുധീര്‍ ബാബു നേരത്തെ അറസ്റ്റിലായിരുന്നു.
കോഴിക്കോടിന് പുറമേ വയനാട്ടിലും തൃശൂരിലുമായി എട്ട ശാഖകളാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. ഇവിടങ്ങളിലെ ജീവനക്കാരാണ് നിക്ഷേപകരിലേറെപ്പേരും. വലിയ ലാഭവിഹിതം നല്‍കാമെന്ന് അറിയിച്ചതോടെ അമ്പതിനായിരം മുതല്‍ 5 ലക്ഷം വരെയുളള തുകകളാണ് പലരും നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപ കാലാവധി അവസാനിച്ചിട്ടും തുകയോ ലാഭ വിഹിതമോ തിരികെ ലഭിക്കാതെ വന്നപ്പോള്‍ ഇടപാടുകാര്‍ സ്ഥാപനത്തിലെത്തി തര്‍ക്കം തുടങ്ങി. ഇതിനുപിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടി ഒരുവര്‍ഷം മുമ്പ് ഇയാള്‍ മുങ്ങുകയായിരുന്നു.

