തിരുവനന്തപുരം: കെ റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ ഇവിടെയും ദുരന്ത നായകനാകും. പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ റെയിലില്‍ പരിസ്ഥിതി സാമൂഹ്യാഘാത പഠനം നടത്തിയിട്ടില്ല. ഡിപിആർ പോലും ഒളിച്ചുവെക്കുന്നു. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വർഗീയതയുമായി മുഖ്യമന്ത്രി സന്ധി ചെയ്തു. ഇതാണ് ഈരാറ്റുപേട്ടയിൽ കണ്ടത്. ലീഗിനെ ദുർബലപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വർഗീയ ശക്തികൾക്ക് ശക്തി പകരാനാണ്.
ലീഗിനെ ആക്രമിച്ച് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്താനാണ് നീക്കം. ലീഗ് ദുർബലപ്പെട്ടാൽ ആരാണ് ശക്തി പ്രാപിക്കുക? ലീഗ് ദുർബലപ്പെട്ടാൽ അപകടമാണ്. ന്യൂനപക്ഷ തീവ്രവാദം ഇല്ലാതാക്കാൻ ലീഗിന്റെ സ്വാധീനം കൊണ്ടുകഴിഞ്ഞെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. സിൽവർ ലൈനിൽ വരെ വർഗീയത കൊണ്ടുവരാൻ ശ്രമമുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് മത തീവ്രവാദ സംഘടനയാണോ? ബിജെപിയുമായി ചേർന്ന് സോളാർ സമരം നടത്തിയത് സിപിഎമ്മാണ്. ബിജെപിക്ക് രാഷ്ട്രീയ ഇടം ഉണ്ടാക്കി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മാധ്യമങ്ങൾ പോലും ബിജെപി നേതാക്കളെ തേടി പോകുന്നത് നിർത്തി. ഈ സമയത്താണ് ബിജെപിക്ക് രാഷ്ട്രീയ ഇടം നേടി കൊടുക്കാനുള്ള ശ്രമമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റികളാണ്. ഇതാണ് വർഗീയ, ഗുണ്ട കൊലപാതകങ്ങൾക്ക് കാരണം. കേരളത്തിലെ പൊലീസിനെ സംഘപരിവാർ നിയന്ത്രിക്കുന്നുണ്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ കിറ്റെക്സിന്റെ പരിസരം മാറിയിട്ടുണ്ട്. വിഷയം പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.