‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ 5 അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്, ഒരാള്‍ പിടിയില്‍

കാലടി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു, ഒരാള്‍ പിടിയിലായി. രതീഷ് എന്നായാളാണു പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാലുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാലടി മണല്‍പുറത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കി വിദേശമാതൃകയില്‍ നിര്‍മിച്ച പള്ളിയുടെ സെറ്റാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്.

സംഭവത്തിനെതിരേ കടുത്ത പ്രതിഷേധം സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സെറ്റ് തകര്‍ത്തവര്‍ക്കെതിരേ കേസെടുത്തത്. ലക്ഷങ്ങള്‍ മുതല്‍മുടക്കി നിര്‍മിച്ച സെറ്റാണു തകര്‍ത്തത്. കൊവിഡ് കാരണം ഷൂട്ടിങ് മുടങ്ങിയതിനാലാണ് ആ സെറ്റ് അവിടെ നിന്നുപോയത്. അതാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്നൊരു കൂട്ടര്‍ തകര്‍ത്തത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് അത് പുറത്തറിയിച്ചത്. സെറ്റ് അവിടെയുള്ളതുകൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്നാണു പറയുന്നത്. ഏതു മതവികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സെറ്റ് തകര്‍ത്ത സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ബാക്കി പ്രതികളെയും ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയശേഷമാണ് സെറ്റ് നിര്‍മിച്ചതെന്നും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി പറഞ്ഞു. മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകരും സിനിമാരംഗത്തുള്ളവരുമൊക്കെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

അതേസമയം കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളി ചലച്ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായ വി ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബല്‍റാം പ്രതിഷേധം അറിയിച്ചത്.

മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്വര നിയമനടപടികളെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, ആക്രമത്തിന് നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രംഗത്തെത്തി. ക്ഷേത്രത്തിനു സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്ന് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →