തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച (24/0 5/2020) 53പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും മലപ്പുറം, കാസര്‍ഗോഡ് നിന്നുള്ള 5 പേര്‍ക്കും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്.
5 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.
കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് മരിച്ചത്. മരിച്ച ആമിന(53) കാന്‍സര്‍ രോഗിയായിരുന്നു. ദുബായില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നു രാവിലെയാണ് മരണം.
ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
18 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ കോടോം, ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ ആകെ 55 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

