തൊടുപുഴ: വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് സൂചന. ഇടുക്കി എആര്‍ ക്യാംപില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലെത്തിയ പൊലീസുകാരനെതിരേയാണ് ആരോപണം ഉയര്‍ന്നത്. കോവിഡ് കാലപരിശോധനയുടെ ഭാഗമായാണ് വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിറങ്ങിയത്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ മയങ്ങിപ്പോയ ഇവരോട് ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ അപമര്യാദയോടെ പെരുമാറിയെന്നാണ് ആക്ഷേപം. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതുകൂടാതെ ഹൈറേഞ്ചിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ പൊലീസുകാരന്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. രണ്ട് സംഭവത്തിലും ആരോപണവിധേയരായ പൊലീസുകാരെ ഇടുക്കി എആര്‍ ക്യാംപലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്.