ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യക്കു നഷ്ടമായത് കോടികളുടെ വിദേശനിക്ഷേപം; ഏഷ്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 16 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യക്കു നഷ്ടമായത്. ഏഷ്യയിലെ വികസ്വര രാജ്യങ്ങളില്‍നിന്ന് 26 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഇതുമൂലം ഏഷ്യയില്‍ കടുത്ത സാമ്പത്തികമാന്ദ്യം ഉണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇന്‍ഡിപെന്റന്റ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ കൊവിഡ്- 19ന്റെ പ്രത്യാഘാതം ആഗോള സാമ്പത്തികരംഗത്ത് എന്ന പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
യൂറോപ്പില്‍ മാത്രം മൂന്നുകോടി പേര്‍ സര്‍ക്കാരുകളില്‍നിന്ന് സാമ്പത്തികസഹായം തേടി. ജര്‍മനി, ഫ്രാന്‍സ്, യുകെ, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. യൂറോപ്പിലെ സമ്പദ്വ്യവസ്ഥ 3.8 ശതമാനംകണ്ട് ചുരുങ്ങിയെന്ന് കണക്കുകള്‍ പറയുന്നു. 2020ലെ ആദ്യ മൂന്നുമാസത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

