ന്യൂഡല്‍ഹി: രാജ്യത്ത് പോഷകാഹാരക്കുറവുമൂലം വലയുന്നത് 33 ലക്ഷം കുട്ടികളെന്നു റിപ്പോര്‍ട്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. 6.16 ലക്ഷം കുട്ടികളുമായി മഹാരാഷ്ട്രയാണു പട്ടികയില്‍ മുന്നില്‍. ബിഹാര്‍ (4.75 ലക്ഷം), ഗുജറാത്ത് (3.20ലക്ഷം) സംസ്ഥാനങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആന്ധ്രാപ്രദേശ് (2.76 ലക്ഷം), കര്‍ണാടക ((2.49 ലക്ഷം), യു.പി (1.86ലക്ഷം), തമിഴ്നാട് (1.78 ലക്ഷം), അസം (1.76 ലക്ഷം), തെലങ്കാന (1.52 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍നിന്നു വിവരാവകാശനിയമപ്രകാരം ലഭിച്ച വിശദാംശങ്ങളിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പരിതാപകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളില്‍ കോവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതം ഏറ്റവുമധികം ബാധിച്ചതു കുട്ടികളുടെ ആരോഗ്യത്തെയാണെന്നു വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവ് ഗുരുതരമായ രീതിയില്‍ ബാധിച്ച 17,76,902 കുട്ടികളാണു രാജ്യത്തുള്ളത്. 15,46,420 കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരാണ്. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള കഴിഞ്ഞമാസം 14 വരെയുള്ള കണക്കുകളാണ് വിശദാംശങ്ങള്‍ക്ക് ആധാരം.
33 ലക്ഷം കുട്ടികളുടെ ആരോഗ്യം വെല്ലുവിളിയില്‍: പോഷകാഹാരക്കുറവ് കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് റിപ്പോര്‍ട്ട്
