വയനാട്: ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്‍: ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു

വയനാട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ എ.ഡി.എം എന്‍.ഐ ഷാജു പ്രകാശനം ചെയ്തു. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് അവ ഹരിത കര്‍മ്മ സേനക്ക് കൈമാറുന്നതിനായി ആവിഷ്‌കരിച്ച ക്യാംപയിനാണ് ടീന്‍ ഫോര്‍ ഗ്രീന്‍ ഹരിത വീട് ശുചിത്വ വീട് പരിപാടി. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍  നാഷണല്‍ സര്‍വ്വീസ് സ്‌കീം, ക്ലീന്‍ കേരള കമ്പനി ,ശുചിത്വ മിഷന്‍ എന്നിവരുടെ  സഹകരണത്തോടെയാണ് ക്യാംപയിന്‍ നടപ്പിലാക്കി വരുന്നത്.

ജില്ലയിലെ 54 യൂണിറ്റുകളിലെ 2600 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് ആദ്യഘട്ടത്തില്‍ ക്യാംപയിനില്‍ പങ്കാളികളായത്. ക്ലീന്‍ കേരള കമ്പനി തയ്യാറാക്കിയ ഒരു ഹ്രസ്വ വീഡിയോയിലൂടെ അജൈവ മാലിന്യങ്ങള്‍ വളരെ ലളിതമായി മൂന്ന് രീതികളില്‍ തരം തിരിച്ചു വെക്കുവാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കുകിയിരുന്നു. വളണ്ടിയര്‍മാര്‍ അവരവരുടെ വീടുകളില്‍ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് മൂന്ന് ബാഗുകളിലായി സൂക്ഷിക്കുകയും അവ ഹരിത കര്‍മ്മ സേനക്ക് കൈമാറുകയുമാണ്  ചെയ്തു വരുന്നത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 5200 ഓളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കൂടി ഈ ക്യാമ്പയിന്റെ ഭാഗമാകും. ഈ ക്യാമ്പയിന്റെ അനുബന്ധ പരിപാടിയായി ഓരോ എന്‍എസ്എസ് വളണ്ടിയര്‍മാരും വീടിനു സമീപത്തുള്ള 5 കുടുംബങ്ങളെ വീതം പരിപാടിയുടെ ഭാഗമാക്കും.

ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, എന്‍എസ്എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാല്‍, എന്‍എസ്എസ് വളണ്ടിയര്‍മാരായ മീനാക്ഷി ആര്‍.നായര്‍, കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →