കോട്ടയം:ചെറുപ്പക്കാരെ കുറ്റവാളികളാക്കുന്ന പുതിയ സാഹചര്യം ശക്തിപ്പെടുന്നു: മന്ത്രി പി. രാജീവ്

ജയിലുകളിലെ ‘തിരിച്ചറിവ് 2021’ പരിപാടിക്ക് സമാപനം

കോട്ടയം: ചെറുപ്പക്കാരെ കുറ്റവാളികളാക്കി മാറ്റുന്നതിനുള്ള പുതിയ സാഹചര്യം ശക്തിപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ടെന്നും ഇതിൽ ലഹരിക്കാണ് മുഖ്യപങ്കെന്നും വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ നിയമസേവന അതോറിറ്റി ജില്ലയിലെ ജയിലുകളിൽ സംഘടിപ്പിച്ച ‘തിരിച്ചറിവ് 2021’ ബോധവത്കരണ-സമഗ്ര വ്യക്തിത്വ വികസന പരിപാടികളുടെ സമാപന സമ്മേളനം കോട്ടയം ജില്ലാ ജയിലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികൾ കുറ്റവാളികളായി തുടരാതിരിക്കാനുള്ള സാഹചര്യമാണ് ജയിലുകൾ ഒരുക്കേണ്ടതെന്നും അതിനുള്ള സാഹചര്യമാണ് സംസ്ഥാന നിയമസേവന അതോറിറ്റി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പ്രതികൾ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമൂഹത്തിന് ഗുണകരമാകുന്ന വ്യക്തിയായി മാറുന്നതിനുള്ള സഹായമാണ് സംസ്ഥാന നിയമസേവന അതോറിറ്റി നൽകുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലും മറ്റും കുറ്റവാളിയായി മാറി ജയിലിൽ അടയ്ക്കപ്പെടുന്നവരിൽ മാനസിക പരിവർത്തനമുണ്ടാക്കാനും അവരെ തിരിച്ചറിവിലേക്ക് നയിക്കാനും സമൂഹത്തിന് പ്രയോജനപ്പെടുന്ന നിലയിൽ മാറ്റാനും കഴിയുന്ന മാതൃകാപരമായ പദ്ധതികളാണ് നിയമസേവന അതോറിറ്റിയുടേതെന്ന് യോഗത്തിൽ മുഖ്യാതിഥിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജയിൽ മോചിതരാകുന്നവരെ ആരും അംഗീകരിക്കാത്ത സാഹചര്യമുണ്ടെന്നും ആദ്യമായി കുറ്റംചെയ്ത് ജയിലിൽ അടയ്ക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്യുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ പറഞ്ഞു. 

അച്ഛൻ എൻ.എൻ. പിള്ളയ്‌ക്കൊപ്പം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ‘ഗറില്ല’ നാടകം അവതരിപ്പിച്ച തന്റെ അനുഭവം നടൻ വിജയരാഘവൻ പങ്കുവച്ചു. 
ജയിലിൽ നടന്ന കവിത, ചിത്രരചന, കഥ രചന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും നിയമഅവബോധ കാമ്പയിനിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച അഭിഭാഷകർക്കുള്ള പ്രശംസാപത്രവും ചടങ്ങിൽ സമ്മാനിച്ചു. ജില്ലാ ജയിലിനു നൽകുന്ന റേഡിയോ, ചെസ്-കാരം ബോർഡുകൾ ജയിൽ സൂപ്രണ്ടിന് കൈമാറി. ജയിൽ അന്തേവാസികൾ വരച്ച വിശിഷ്ടാതിഥികളുടെ ചിത്രങ്ങൾ അവർക്കു കൈമാറിയാണ് മന്ത്രിമാരെയും ഹൈക്കോടതി ജഡ്ജിമാരെയും സ്വാഗതം ചെയ്തത്. ജയിൽ അന്തേവാസി സോപ്പിൽ നിർമിച്ച ശിവന്റെ പ്രതിമ മന്ത്രി വി.എൻ. വാസവന് സമ്മാനിച്ചു. 

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റ്റി.ആർ. റീനാദാസ് പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജോൺസൺ ജോൺ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന ജയിൽ അന്തേവാസികളുടെയും ജീവനക്കാരുടെയും കലാസന്ധ്യ അരങ്ങേറി. രാവിലെ ഡോ. മാത്യു കണമല മോട്ടിവേഷൻ ക്ലാസെടുത്തു.
മൂന്നു ദിവസമായി ജില്ലയിലെ ജയിലുകളിൽ 12 ഇനങ്ങളിലുള്ള പരിപാടികളാണ് നടന്നത്. നിയമസഹായ ക്ലിനിക്കുകൾ, നിയമാവബോധ-വൈദ്യബോധന-മോട്ടിവേഷണൽ ക്ലാസുകൾ, ഹ്രസ്വചിത്രപ്രദർശനം, കലാസന്ധ്യകൾ, സാഹിത്യമത്സരങ്ങൾ, ദൈനംദിന പത്രവായന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 

Share
അഭിപ്രായം എഴുതാം