മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ നിരീക്ഷിക്കാന്‍ പോലീസിനോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതു മുതല്‍ തന്നെ ചിലര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ റെയ്ഡ് നടത്തിയത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ചിലര്‍ തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ടു നല്‍കിയ പരാതിയില്‍ വാങ്കഡെ പറയുന്നു.താന്‍ സ്ഥിരം പോകാറുള്ള അമ്മയെ അടക്കം ചെയ്ത സെമിത്തേരിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ടു പേര്‍ െകെപറ്റിയതായും ഇത് അതീവഗൗരവമുള്ളതാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, വാങ്കഡെയെ നിരീക്ഷിക്കാന്‍ പോലീസിനോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം ഗുരുതരമാണെന്നും അതിനാല്‍ പ്രതികരിക്കുന്നില്ലെന്നുമാണു വാങ്കഡെ പിന്നീട് പറഞ്ഞത്.