ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉദ്ഭവിച്ചത് ലാബില്‍നിന്നാണെന്ന് നിതിന്‍ ഗഡ്കരി. മന്ത്രിയുടെ അഭിപ്രായം ഇതുസംബന്ധിച്ച ആദ്യ ഇന്ത്യന്‍ പ്രതികരണമായതിനാല്‍ ശ്രദ്ധേയമാണ്. കൊറോണ ഒരു സ്വാഭാവിക വൈറസ് അല്ല. ഇതൊരു ലാബില്‍ നിര്‍മിക്കപ്പെട്ടതാണ്, മനുഷ്യനിര്‍മിതമാണിത്. കൃത്രിമമായി ആരോ സൃഷ്ടിച്ചതാണ്. കൊറോണയ്ക്ക് ഇതുവരെ പ്രതിരോധമരുന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയമാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ലോകം മുഴുവന്‍. ഇതുവരെ വാക്സിന്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വൈറസിനെ തുരത്താനുള്ള സാങ്കേതികത നാം സ്വായത്തമാക്കണം. വൈറസിനെ പെട്ടെന്നു കണ്ടെത്താനുള്ള സാങ്കേതികതയാണ് നമുക്കുവേണ്ടത്. വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ലോകവും ഇന്ത്യയും ഇപ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
കൊറോണ വൈറസ് ചൈന കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്നതിനു തെളിവുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം തങ്ങള്‍ കൃത്യമായി അന്വേഷിക്കുന്നുണ്ട്. വളരെ ശക്തമായി ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന ഒരു വിഭാഗം തങ്ങള്‍ക്കുണ്ട്. കൃത്യമായ ഉത്തരം ലഭിക്കും. അല്ലെങ്കില്‍ ചൈന തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളോട് തുറന്നുപറയുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

