പരീക്ഷാഘടനാ മാറ്റം: നീറ്റ് പി.ജി. സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷ തിയ്യതി മാറ്റും

ന്യൂഡല്‍ഹി: പരീക്ഷാഘടനാ മാറ്റത്തിലൂടെ വിവാദമായ നീറ്റ് പി.ജി. സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷ രണ്ടുമാസം നീട്ടിവയ്ക്കാന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍.പുതിയ ഘടനയില്‍ തയാറാക്കുന്ന ചോദ്യക്കടലാസ് പ്രകാരമുള്ള പരീക്ഷയ്ക്കു വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ തയാറെടുപ്പുകള്‍ക്കായാണിതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം. അടുത്തമാസം 13, 14 തീയതികളിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷാഘടനയില്‍ അവസാനനിമിഷം മാറ്റം വരുത്തിയതിനെതിരേ സൂപ്രീം കോടതി കഴിഞ്ഞയാഴ്ച അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അധികാരക്കളിയില്‍ പന്തുതട്ടാനുള്ളവരല്ല യുവഡോക്ടര്‍മാരെന്നായിരുന്നു ജസ്റ്റിസുമാരായ ഡി.െവെ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. തുടര്‍ന്ന് ഉത്തരവാദപ്പെട്ടവരുടെ യോഗംവിളിച്ച് നാലിനു മുമ്പ് തീരുമാനം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ തയാറെടുപ്പിന് പരീക്ഷ നീട്ടിവയ്ക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭ്യര്‍ഥന. അടുത്തവര്‍ഷം ജനുവരി 10, 11 തീയതികളിലേക്കു പരീക്ഷ മാറ്റിവയ്ക്കാന്‍ തയാറാണ്- കേന്ദ്രം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →