ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്തുനിന്ന് കഴിഞ്ഞദിവസം നാട്ടില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയി. 505 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 23,596 പേര്‍ വീടുകളിലാണ്. 334 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 123 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 36,648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 പേര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3475 സാംപിള്‍ ശേഖരിച്ചതില്‍ 3231 രോഗമില്ല.

വിദേശത്തുനിന്നായാലും ഇതരസംസ്ഥാനത്തുനിന്നായാലും സുരക്ഷാ സംവിധാനം പൂര്‍ണജാഗ്രതയോടെ തുടരണം. ലോകത്തിന്റെ ഏത് ഭാഗത്ത് കുടുങ്ങിയവരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണ്. വിദേശത്തുനിന്ന് വരുന്നവരുടെ മുന്‍ഗണനാക്രമം തയ്യാറാക്കുന്നതും ഏത് വിമാനത്താവളത്തിലാണ് അവരെ എത്തിക്കുന്നതെന്നതും യാത്രാസൗകര്യവും അതിന്റെ ചെലവ് ഈടാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. നാട്ടിലെത്തിയാല്‍ അവര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

കൊച്ചി തുറമുഖത്ത് വിദേശത്തുനിന്നുള്ളവരുമായി കപ്പലടുക്കുമ്പോള്‍ അവരെ വരവേല്‍ക്കാന്‍ ആരോഗ്യവകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കി. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡ് ഇതര രോഗങ്ങളുള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ്ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ധചികിത്സ ആവശ്യമുണ്ടെങ്കില്‍ അത് ഉറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റും.
ഒരു രോഗലക്ഷണവുമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതത് ജില്ലകളിലെ നിരീക്ഷകേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്തുനിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷകൂടി ഉറപ്പാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കി നിരീക്ഷണകേന്ദ്രങ്ങളിലേക്ക് എത്തിക്കും.

കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രയ്ക്കിടയില്‍ കൊവിഡ് ലക്ഷണങ്ങളുള്ള ആളുകളെ തുറമുഖത്തെത്തുമ്പോള്‍ തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരുടെ സഹായത്തോടുകൂടി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും ഇവരെ പരിശോധനയ്ക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →