അത്യാവശ്യഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ എത്തി

പാലക്കാട്: ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ മാതാവിനൊപ്പം എത്തി. ഓര്‍ക്കാപ്പുറത്ത് കയറിവന്ന അതിഥിയെക്കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്കെല്ലാം അതിയായ അദ്ഭുതം. പിന്നെ എല്ലാ മുഖങ്ങളിലും സന്തോഷം. ദിവസങ്ങള്‍ക്കുമുമ്പ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിലെ നായകനായിരുന്നു ആ ബാലന്‍.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഉച്ചയ്ക്ക് നാട്ടുകല്‍ എസ്ഐ അനില്‍ മാത്യുവിന്റെ ഫോണിലേക്ക് ഒരുവിളിവരുന്നു. പാലോട് സ്വദേശിയായ എട്ട് വയസ്സുകാരന്റെ മാതാവാണ് എസ്‌ഐയെ 100ല്‍ വിളിച്ചത്. പാമ്പുകടിയേറ്റ മോനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുമാര്‍ഗവുമില്ലെന്നും ഇവിടെ വാഹനസൗകര്യം തീരെയില്ലെന്നുമായിരുന്നു ആ മാതാവ് കരഞ്ഞുകൊണ്ട് പറഞ്ഞത്.

തങ്ങള്‍ ഉടന്‍ എത്താമെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് അവരെ ധൈര്യപ്പെടുത്തിയശേഷം നിമിഷങ്ങള്‍ക്കകം എസ്ഐയും സംഘവും ഉടന്‍ പൊലീസ് ജീപ്പുമായി പാലോട്ടിലെ വീട്ടില്‍ പാഞ്ഞെത്തി. ആണുങ്ങള്‍ കൂടെയില്ലാത്തതിനാല്‍ സമീപവാസികളില്‍ ആരെയെങ്കിലും ഒപ്പംകൂട്ടാനും പൊലീസ് നിര്‍ദേശിച്ചു. നിമിഷങ്ങള്‍ക്കകം കുട്ടിയെ വാഹനത്തില്‍ കയറ്റി എസ്ഐ അനില്‍ മാത്യു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. അന്‍വര്‍, റഫീഖ്, പ്രശാന്ത് എന്നീ പൊലീസുകാരും അവരോടൊപ്പമുണ്ടായിരുന്നു.

വഴിമധ്യേ ഇവരുടെ കൈയില്‍ പണമില്ലെന്നറിഞ്ഞ എസ്ഐയും അന്‍വര്‍ എന്ന പൊലീസുകാരനും ചേര്‍ന്ന് അത്യാവശ്യം മരുന്നുകള്‍ വാങ്ങാനുള്ള തുക നല്‍കി. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി സ്റ്റേഷനില്‍നിന്ന് ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. ഏതാനും ദിവസത്തെ വിദഗ്ധചികിത്സകൊണ്ട് കുട്ടി സുഖപ്പെടുകയും വ്യാഴാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത സമയത്ത് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. ആശുപത്രിയിലെ ബല്ല് തീര്‍ക്കാനുള്ള ബാക്കി പണവും ഈ പൊലീസുകാര്‍തന്നെ ആ കുടുംബത്തിന് എത്തിച്ചുനല്‍കി വീണ്ടും സാന്ത്വനമായി. ഈ കാരുണ്യ പ്രവൃത്തിക്ക് നന്ദി പറയാനാണ് ആശുപത്രിയില്‍നിന്ന് കുട്ടി നേരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു. നിരവധി നിര്‍ധനര്‍ക്ക് മരുന്ന് എത്തിച്ചുനല്‍കി നാട്ടുകല്‍ പൊലീസ് ഇതിനുമുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →