പ്രവാസികളുടെ തിരിച്ചുവരവിന്റെ സ്ഥിതിവിവരക്കണക്കുകൾ സർക്കാർ പുറത്തുവിട്ടു.

വ്യാഴാഴ്ച (07/05/ 2020) ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളും പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും 5 പേര്‍ കുട്ടികളുമാണ്.

ഇന്നലെ വെള്ളിയാഴ്ച (08/05/2020 ) റിയാദില്‍ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. 22 കുട്ടികളും. അടിയന്തര ചികിത്സക്കെത്തുന്നവര്‍ 5 പേര്‍. എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്നു പേരുണ്ട്.

ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കപ്പലിൽ തിരിച്ചെത്തിക്കും. കൊച്ചിയിലെത്തിച്ച് സ്ക്രീനിങ് നടത്തി ഇവരെ വീടുകളിലേക്ക് വിടും. അന്യസംസ്ഥാനക്കാർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കും.

Share
അഭിപ്രായം എഴുതാം