ന്യൂഡല്‍ഹി: ചൈന തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്നും യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിനു ചൈനയുടെ സഹായം തേടുന്നുവെന്നും താലിബാന്. അഫ്ഗാനിലെ സമൃദ്ധമായ ധാതുസമ്പത്ത് ചൈനയ്ക്കു തുറന്നു കൊടുക്കാനുള്ള സന്നദ്ധതയും താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.
ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയെ താലിബാന് പിന്തുണയ്ക്കുന്നതായും സബിഹുള്ള വ്യക്തമാക്കി. അഫ്ഗാനില്‍ മുതല്മുടക്കാനും പുനര്‍നിര്‍മാണം നടത്താനും തയാറാണെന്നതിനാല്‍ ചൈന ഞങ്ങളുടെ സുപ്രധാനപങ്കാളിയാണ്. അടിസ്ഥാനപരവും അസാധാരണവുമായ അവസരങ്ങളാണ് അവര്‍ വച്ചുനീട്ടുന്നത്. അഫ്ഗാനിലെ സമൃദ്ധമായ ചെമ്പുഖനികള്‍ക്കു ചൈനയോടു കടപ്പെട്ടിരിക്കുന്നു. അവ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുകയും നവീകരിക്കുകയും വേണം. ആഗോളവിപണികളിലേക്കുള്ള ഞങ്ങളുടെ പ്രവേശനപാതയാണു ചൈന- സബിഹുള്ള പറഞ്ഞു.

