ആലപ്പുഴ: ഒരു ദിവസം എട്ടു മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്സിന് നല്കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ അഭിനന്ദിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ചാണ് ആദരിച്ചത്. പേരും മുഖവുമറിയാത്ത, ആരുമറിയാതെ കഷ്ടപ്പെടുന്ന പുഷ്പലതയെ പോലെയുള്ള ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്നും ഇവർ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധികളെ മറികടന്ന് അവരാണ് നമ്മുടെ ആരോഗ്യ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നത്. ഇവർക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറെ കഷ്ടപ്പാടുകൾക്ക് ഒടുവിലാണ് തനിക്കീ ജോലി ലഭിച്ചതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായിക കൂടിയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാന്‍ പഠിച്ചത്. ജില്ലാ ആശുപത്രിയിലെ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നുണ്ട്. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും കൂട്ടായ പരിശ്രമമാണ് തന്റെ പിന്‍ബലമെന്നും ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് പുഷ്പലത പറഞ്ഞു. എൽ.എച്ച്.ഐ. വി. ആർ. വത്സല, ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോള്‍ എന്നിവരാണ് പുഷ്പലതയുടെ വാക്സിനേഷൻ ടീമിലുള്ളത്. ഇവരെയും മന്ത്രി അഭിനന്ദിച്ചു. തുടർന്ന് പുഷ്പലത ഒരു ഗാനവും പാടി.
‘ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ…’
എന്ന പാട്ടുപാടി ഗായിക കൂടിയായ പുഷ്പലത എല്ലാവർക്കും നന്ദിയറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.വി. പ്രിയ ടീച്ചർ, ചെങ്ങന്നൂർ ആർ.ഡി.ഒ. കിറ്റി ആനി ജോർജ്, ജില്ലാ സർവയിലെൻസ് ഓഫീസർ ഡോ.കെ.കെ. ദീപ്തി,ഡി.പി. എം ഡോ. കെ.ആർ. രാധാകൃഷ്ണൻ, ആർ.സി.എച്ച്. ഓഫീസർ ഡോ.എ. ആർ. ശ്രീഹരി, ഡി. പി.എച്ച്.എൻ. ചിത്രാഭായ് , നോഡൽ ഓഫീസർ ഡോ.സാബു സുഗതൻ, ഡോ.ചിത്രാ സാബു, ഡോ.ജിതേഷ് പിള്ള , ഡോ.ആർ. ഷിന്റോ എന്നിവർ പങ്കെടുത്തു.
കൃഷി മന്ത്രിയുടെ അഭിനന്ദനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഫോണിലൂടെ പുഷ്പലതയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

