പാരാലിമ്പിക്സ്: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കി ഭാവിന

ടോക്കിയോ: പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി. വനിതാ ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന ഭാവിനാബെന്‍ പട്ടേലാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്.ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയും റിയോ പാരാലിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെരിച് റാങ്കോവിക്കിനെ നേരിട്ടുള്ള ഗെയിമില്‍ അട്ടിമറിച്ചാണു ഭവിനയുടെ നേട്ടം. സ്‌കോര്‍: 11-5, 11-6, 11-7. പാരാലിമ്പിക് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ താരമാണ് ഭാവിന. രാവിലെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ജോയ്സ് ഡി ഒലിവേരയെ തോല്‍പ്പിച്ചാണു ഭാവിന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 12-10, 13-11, 11-6.വനിതാ സിംഗിള്‍സ് ക്ലാസ് 4 ലാണു 34 വയസുകാരിയായ ഭാവിന മത്സരിക്കുന്നത്. ഇന്നു രാവിലെ 6.10 മുതല്‍ നടക്കുന്ന സെമിയില്‍ ചൈനയുടെ സാങ് മിയാവോ ഭാവിനയെ നേരിടും.ടേബിള്‍ ടെന്നീസില്‍ വെങ്കലത്തിനായി പ്ലേ ഓഫ് മത്സരങ്ങളില്ലാത്തതിനാലാണ് ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കിയത്. 2017 ലാണ് രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റി (ഐ.പി.സി.) സംഘാടക സമിതി ടേബിള്‍ ടെന്നീസില്‍നിന്നു വെങ്കലത്തിനായുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ ഒഴിവാക്കിയത്.ജോയ്സ് ഡി ഒലിവേരയെ തോല്‍പ്പിച്ചതോടെ പാരാലിമ്പിക്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരമെന്ന നേട്ടവും ഭാവിന സ്വന്തമാക്കി. സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങള്‍ ബാധിച്ചു കാലുകള്‍ തളര്‍ന്നു പോയ താരങ്ങളെയാണ് ക്ലാസ് 4 ല്‍ ഉള്‍പ്പെടുത്തുന്നത്. പ്രത്യേക കസേരയില്‍ ഇരുന്നാണു താരങ്ങള്‍ മത്സരിക്കുക. പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ ടേക് ചന്ദ് നിരാശപ്പെടുത്തി. എഫ് 55 വിഭാഗത്തില്‍ മത്സരിച്ച താരം ഫൈനലില്‍ എട്ടാമതായി. ബ്രസീലിന്റെ സാന്റോസ് സ്വര്‍ണവും ബള്‍ഗേറിയയുടെ റുഷ്ദി വെള്ളിയും സ്റ്റോള്‍ട്ട്മാന്‍ വെങ്കലവും നേടി.ഭാരോദ്വഹനത്തിലും ഇന്ത്യക്കു നിരാശയായിരുന്നു. ഇന്ത്യക്കു വേണ്ടി മത്സരിച്ച ജയ്ദീപിനു മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ചൈനയുടെ ലിയു സ്വര്‍ണവും ഇറാന്റെ ജഫാരി അറാംഗേ വെള്ളിയും അള്‍ജീരിയയുടെ ബീയ്റ്റര്‍ വെങ്കലവും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →