ന്യൂഡൽഹി: ജസ്റ്റിസ് ബി.വി നാഗരത്ന 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയർത്തുന്നതിന് ഒമ്പത് ജഡ്ജിമാരുടെ പേര് ശുപാര്‍ശ ചെയ്തു. ഇതിൽ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്.
ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് ബേല ത്രിവേദിയുമാണ് ശുപാര്‍ശകളുടെ പട്ടികയിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. യഥാക്രമം തെലങ്കാന ഹൈകോടതിയിലും ഗുജറാത്ത് ഹൈകോടതിയിലും ജഡ്ജിമാരായി പ്രവർത്തിക്കുകയാണ് ഇവർ.ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നതിന് മുമ്പ് ‘ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് അഭിപ്രായപ്പെട്ടിരുന്നു.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ്.നരസിംഹ തുടങ്ങിയ പേരുകളും കൊളീജിയത്തിന്റെ ശുപാര്‍ശയിലുണ്ട്.

