പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല, മകന്റെ പണത്തിന് എല്ലാ രേഖകളുമുണ്ട്; ജലീല്‍ അന്നും ഇന്നും തന്റെ പിന്നാലെയെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എ.ആര്‍ സഹകരണ ബാങ്ക് അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

പാണാക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി 04/08/21 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലാരിവട്ടം പാലം സംബന്ധിച്ച തുകയാണോ ചന്ദ്രികയിലെത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചന്ദ്രികയുടെ ഓണററി ചെയര്‍മാന്‍ എന്ന പദവി വഹിക്കുന്നതുകൊണ്ടാണ് പാണക്കാട് തങ്ങളോട് ഇക്കാര്യത്തില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തത തേടിയതെന്നും അദ്ദേഹം പറഞ്ഞു.

മകന്‍ ഹാഷിഖിനെതിരെ ജലീല്‍ ഉന്നയിച്ച ആരോപണങ്ങൾ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും മകന്റെ പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂറ് ശതമാനവും നിയമപരമായ നിക്ഷേപമാണിതെന്നും കള്ളപ്പണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ഒരു കാലത്ത് തന്റെ പിന്നാലെ തന്നെയായിരുന്നുവെന്നും കാറില്‍ പിന്‍സീറ്റിലായിരുന്നു സ്ഥാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ അവിടെ ഒഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ആര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ താനുണ്ടാകുമെന്ന ജലീലിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →