കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ്

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയില്‍ പ്രസിദ്ധമായ ഒന്നാണ് കോവില്‍പ്പെട്ടി കടലമിഠായി. 1920-ല്‍ കോവില്‍പ്പെട്ടിയിലെ എസ് എസ് പൊന്നമ്പലം എന്നയാളാണ് ഈ മിഠായി ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് അവിടെ പ്രസിദ്ധമായി. ഇതിന്റെ നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ന്നു. ഈ കുടില്‍ വ്യവസായത്തിന് 100 വര്‍ഷം തികഞ്ഞ അവസരത്തിലാണ് ഈ പലഹാരത്തിന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍(G I) ടാഗ് ലഭിച്ചത്. ഇതനുസരിച്ച് കോവില്‍പ്പെട്ടിയിലെ കപ്പലണ്ടി മിഠായി മാത്രമാണ് യഥാര്‍ഥ കപ്പലണ്ടി മിഠായിബാക്കിയെല്ലാം അനുകരണം മാത്രം.

ശര്‍ക്കരയും കപ്പലണ്ടിയും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് താമിരഭരണി എന്ന നദിയിലെ വെള്ളത്തിലാണ് കൊവില്‍പ്പെട്ടി മിഠായി നിര്‍മിക്കുന്നത്. കോവില്‍പ്പെട്ടിയ്ക്കടുത്തുള്ള ആരുപ്പു കൊട്ടൈ എന്നയിടത്ത് ഉണ്ടാകുന്ന കപ്പലണ്ടിയാണ് ഇതിന് ഉപയോഗിക്കുന്നത്‌.

2014-ല്‍ ഇവിടത്തെ സബ് കളക്ടറായിരുന്ന ഡോ. കെ വിജയകാര്‍ത്തികയേനാണ് ജി ഐ ടാഗിനു വേണ്ടി മുന്‍കൈ എടുത്ത് അപേക്ഷ നല്‍കിയത്. പക്ഷേ. മിഠായി നിര്‍മിക്കുന്ന ആളുകളുടെ അസോസിയേഷന്‍ വഴി അപേക്ഷ വരണമെന്നായിരുന്നു അധികാരികള്‍ പറഞ്ഞത്. അതു പ്രകാരം 2018-ല്‍ ഒരു അസോസിയേഷന്‍ തുടങ്ങുകയും 2019-ല്‍ ജി ഐ ടാഗിനു വേണ്ടി അപേക്ഷ നല്‍കുകയും ചെയ്തു. ഈ കടലമിഠായിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഇത്രയും വലിയ ഒരു അംഗീകാരം ലഭിച്ചത് കോവില്‍പ്പെട്ടിക്കും സമീപവാസികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ് എന്ന് കോവില്‍പ്പെട്ടി റീജിനല്‍ കടലമിഠായി മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് റീടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കാര്‍ത്തീശ്വരന്‍ പറഞ്ഞു.

ഭാരതസര്‍ക്കാരിന്റെ ഭൗതീക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉല്‍പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക, ഭൂപ്രദേശസൂചിക , ഭൂപ്രദേശസൂചകം അല്ലെങ്കില്‍ ഭൂമിശാസ്ത്രസൂചകോല്‍പന്നങ്ങള്‍ (Geographical Indications of Goods) എന്നു പറയുന്നത്. പരമ്പരാഗതമായി ഒരു പ്രത്യകസ്ഥലത്ത് പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങളാകയാല്‍ ആതിന്റെ ഉത്ഭവസ്ഥാനത്തിന് പേരും പ്രശസ്തിയും ലഭിക്കാന്‍ ഈ ടാഗ് സഹായകമാകും.

ലോക വ്യാപാര സംഘടനയില്‍ (WTO) അംഗമെന്ന നിലല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഭൂപ്രദേശസൂചിക പ്രാബല്യത്തില്‍ വന്നത് 2003 സെപ്റ്റംബറിലാണ്.
പാരീസ് അന്താരാഷ്ട്ര സമ്മേളനത്തില്‍ അംഗീകരിച്ച ഭൗതികസ്വത്തവകാശ നിയമത്തിന്റെ (intellectual property) ആര്‍ട്ടിക്കിള്‍ 1 (2)ഉം 10ഉം അനുസരിച്ചുള്ള അന്താരാഷ്ട്ര പരിഗണനയും സംരക്ഷണവും ഈ നിയമത്തില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉറുഗ്വേ റൗണ്ടില്‍ (Uruguay Round) അവതരിപ്പിച്ച ഗാട്ട് ഭേദഗതിപ്രകാരവും വ്യാപാരസംബന്ധിയായ നിയമപരിരക്ഷയുടെ വകുപ്പില്‍പ്പെട്ട സംരക്ഷണവും ദേശസൂചികാനിയമം ഉറപ്പുതരുന്നു.

കാഞ്ചിപുരം പട്ട്, ഡാര്‍ജിലിംഗ് ചായ, മധുബനി പെയ്ന്റിംഗ്, തഞ്ചാവൂര്‍ പെയ്ന്റിംഗ്, ഒഡീസ ഇക്കട്ട് തുടങ്ങിയവ ജി ഐ ടാഗ് ലഭിച്ച ചില ഉത്പന്നങ്ങളാണ്.
കേരളത്തില്‍ ജി ഐ ലഭിച്ചിട്ടുള്ള ഉത്പ്പന്നങ്ങളില്‍ ചിലതാണ് ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, കുത്താമ്പുള്ളി, പാലക്കാടന്‍ മട്ട, നവര അരി, പാലക്കാടന്‍ മദ്ദളം, മറയൂര്‍ ശര്‍ക്കര, പൊക്കാളി, മലബാര്‍ കുരുമുളക് തുടങ്ങിയവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →