മുംബൈ: മഴ തുടരുന്നതിനിടെ, മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 32 പേരുടെ 32 മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും നാലെണ്ണം മറ്റൊരിടത്തുനിന്നുമാണു ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് മഹാരാഷ്ട്രയില്‍ പെയ്യുന്നത്.അതേസമയം, സംസ്ഥാനത്തെ ആറുജില്ലകളില്‍ 24 മണിക്കൂര്‍ നേരത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. മഹാരാഷ്ട്രയ്ക്കു പുറമേ ഗോവ, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സ്ഥിതി വിലയിരുത്തി. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ സഹായം നല്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ”റായ്ഗാഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ നിരന്തരം നിരീക്ഷിക്കുകയാണ്, ബാധിക്കപ്പെട്ടവര്‍ക്ക് സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 24 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ വഷിഷ്തി നദി കര കവിഞ്ഞതിനെത്തുടര്‍ന്ന് തീരദേശനഗരമായ ചിപ്ലനില്‍ ജലനിരപ്പ് 12 അടിവരെ ഉയര്‍ന്നു. റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങി. ഒരു കോവിഡ് ആശുപത്രി വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ രോഗികളെ ബോട്ടുകളില്‍ രക്ഷപ്പെടുത്തി. ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ വിന്യസിച്ചു.

