ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ ന്യൂസിലാന്ഡിനെ തകര്‍ത്ത് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി രൂപീന്ദര്‍ പാല്‍ (10′), ഹര്‍മന്‍പ്രീത് സിങ് (26′, 33′) എന്നിവര്‍ ഗോള്‍ കണ്ടെത്തി. കെയ്ന്‍ റസ്സലും (6′) സ്റ്റീഫന്‍ ജെന്നസുമാണ് (43′) ന്യൂസിലാന്‍ഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
ഇന്ന് നടക്കുന്ന വനിതാ ടീമിന്റെ എതിരാളികള്‍ ഹോളണ്ടാണ്. ഒളിമ്പിക്സില്‍ ഹോക്കി മെഡലിനു വേണ്ടിയുള്ള 41 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ. പുരുഷ ടീം പൂള്‍ എ യിലാണു കളിക്കുന്നത്. മന്‍പ്രീത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങി വമ്പന്‍മാര്‍ക്കൊപ്പം ന്യൂസിലന്‍ഡ്, ആതിഥേയരായ ജപ്പാന്‍ എന്നിവരാണു മറ്റു ടീമുകള്‍. 1928 1932, 1936, 1948, 1952, 1956, 1980 ഒളിമ്പിക്സുകളില്‍ ഹോക്കി സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യ. 1980 ലെ മോസ്‌കോ ഒളിമ്പിക്സില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചായിരുന്നു പുരുഷ ടീം അവസാനം സ്വര്‍ണം നേടിയത്. ഒളിമ്പിക് ഹോക്കിയില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് ഒരേ ഫോര്‍മാറ്റും നിയമവുമാണ്. ആറു ടീമുകളെ രണ്ടു പൂളുകളായി തരംകതിരിച്ച് 12 ടീമുകളാണ് ഇരുവിഭാഗങ്ങളിലും പ്രാഥമിക റൗണ്ടില്‍ കളിക്കുക.
ഓരോ ടീമും പൂളിലെ മറ്റുള്ളവരുമായി ഓരോ തവണ ഏറ്റുമുട്ടും. ഓരോ പൂളിലും ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. ശേഷിച്ച രണ്ടു ടീമുകള്‍ പുറത്താകും. സെമിയില്‍ തോല്‍ക്കുന്നവര്‍ തമ്മിലാകും വെങ്കലപ്പോരാട്ടം.
ഒളിമ്പിക് ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം
