റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിരാന്‍ തുരങ്കത്തിന് സുരക്ഷ പോരെന്ന് മുന്‍ കരാര്‍ കമ്പനി

July 18, 2021 - 12:31 pm

തൃശ്ശൂർ: ട്രയല്‍ റണ്‍ ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കി തൃശൂര്‍ – പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും സുരക്ഷാ പ്രശ്‌നം ഉയരുന്നു. മുന്‍ കരാര്‍ കമ്പനിയാണ് തുരങ്കത്തിന് മതിയായ സുരക്ഷയില്ലെന്ന നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തുരങ്കവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകാനും മണ്ണിടിച്ചില്‍ തടയാനും മതിയായ സംവിധാനമില്ലെന്നാണ് പ്രധാന ആക്ഷേപം. തുരങ്കത്തിന്റെ 95 ശതമാനവും പൂര്‍ക്കിയാക്കിയ കരാര്‍ കമ്പനിയായ പ്രഗതി ആണ് ആരോപണവുമായി രംഗത്ത് എത്തിയത്.

ഇപ്പോള്‍ നടക്കുന്നത് മിനുക്കല്‍ നടപടി മാത്രമാണ്, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ദുരന്തസാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. തുരങ്കത്തിന് പുറത്ത് ക്യാച്ച് വാട്ടര്‍ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളില്‍ നിന്നുള്ള മണ്ണ്, പാറ, മരങ്ങള്‍ എന്നിവ വീഴാന്‍ സാധ്യയുണ്ട്. മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണം. തുരങ്കത്തിന് ഉള്ളില്‍ സുരക്ഷയുണ്ടെന്നും പ്രഗതിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധിമൂലമാണ് പ്രഗതി പദ്ധതിയില്‍ നിന്നും പിന്‍മാറിയത്. നോണ്‍ ടെക്‌നിക്കല്‍ കമ്പനിയാണ് നിലവിലെ പണികള്‍ ചെയ്യുന്ന കെഎംസി. കുതിരാനില്‍ സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി കെഎംസിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കരാറില്‍ നിന്ന് മാറ്റി നിര്‍ത്തിയ കമ്പനി എന്ന നിലയില്‍ സര്‍ക്കാറുമായി ബന്ധപ്പെടാന്‍ തടസമുണ്ടെന്നും പ്രഗതിയുടെ പ്രതിനിധി പ്രിയാനന്ദന്‍ വി പറയുന്നു.

ഓഗസ്റ്റ് ഒന്നിന്ന് തുരങ്കം തുറക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അധികൃതര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ പ്രതികരണം പുറത്ത് വരുന്നത്. ഓഗസ്റ്റ് ആദ്യവാരം തന്നെ തുരങ്കത്തിലൂടെ ഗതാഗതം അനുവദിച്ചേക്കും. പ്രവേശന കവാടത്തിനു മുകളിലെ മണ്ണും പാറയും സുരക്ഷിതമാക്കുകയാണ് ബാക്കിയുള്ള പ്രധാന ജോലി. മഴ അവസാനിച്ച ശേഷമേ ഇതു ചെയ്യാനാകൂ. എന്നാണ് നിലവിലെ അവസ്ഥ. എന്നാല്‍ ഇതിന് മുന്‍പ് തുരങ്കം തുറന്നാല്‍ അപകട സാധ്യത കൂടുതലാണെന്നാണ് ഇപ്പോഴത്തെ പ്രതികരണം. മുന്‍പ് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ആ സമയത്ത് മുന്ന് ദിവസമാണ് മണ്ണ് നീക്കാന്‍ മാത്രം എടുത്തത്. ഗതാഗതത്തിന് തുറന്ന് നല്‍കിയാല്‍ ഇതിനേക്കാള്‍ പതിന്‍മടങ്ങ് അപകട സാധ്യത നിലനില്‍ക്കുന്ന എന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *