കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല, നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 10/07/21 ശനിയാഴ്ച പറഞ്ഞു.

‘കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പിന്തുടരണം. പൊതുവിടങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയും സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മാത്രമെ രോഗവ്യാപനം കുറയ്ക്കാന്‍ കഴിയുകയുള്ളു,’ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, 09/07/21 വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍.

കഴിഞ്ഞദിവസം രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്.

നേരത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചിരുന്നു.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്നും ലോകാരോഗ്യ സംഘടന വക്താവ് മൈക്ക് റയാന്‍ പറഞ്ഞു.

ഓരോ മൂന്നാഴ്ച കൂടുമ്പോഴും രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായതെന്നും ലോകാരോഗ്യ സംഘടന വക്താക്കള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →