മലപ്പുറം: മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്നും ഭർത്താവ് ഇറക്കിവിട്ടു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളെ ഉള്‍പ്പെടെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. മൂത്തകുട്ടിക്ക് മൂന്ന് വയസും രണ്ടാമത്തെ കുട്ടിക്ക് ഒന്നര വയസ്സുമാത്രമാണ് പ്രായം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചതിന് ശേഷം ഇവരെ ഇറക്കിവിടുകയായിരുന്നു. ജൂൺ 19-ാം തീയ്യതിയായിരുന്നു സംഭവം. യുവതിയും നാല് കുട്ടികളും ഇപ്പോള്‍ മലപ്പുറം സ്നേഹിതയിലാണ്. ചക്കാലപ്പറമ്പ് സ്വദേശിയായ ഭർത്താവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.
എല്ലാദിവസവും മദ്യപിച്ചെത്തുന്ന ഇയാള്‍ യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും കേസെടുത്തു. മദ്യപിച്ചെത്തി ഭാര്യയേയും കുട്ടികളേയും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയാല്‍വാസികള്‍ ഉള്‍പ്പെടെ പറഞ്ഞു. ഇതിന് മുമ്പ് ഇക്കാര്യത്തില്‍ പൊലീസ് ഇയാളെ താക്കിത് ചെയ്തുവിട്ടിരുന്നു.
ഇയാളും ഭാര്യയും നാല് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇതുവരെ മറ്റുബന്ധുക്കള്‍ ഇടപെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഭാര്യയ്ക്കും കുട്ടികളേയും ഇയാള്‍ ആക്രമിച്ചിരുന്നു. അന്ന് പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യലഹരിയിലെത്തിയ ഇയാള്‍ നാല് ദിവസം മുമ്പ് ഭാര്യയേയും നാല് കൈക്കുഞ്ഞുങ്ങളെയും രാത്രി വിട്ടില്‍ നിന്നും അടിച്ചിറക്കിയത്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് യുവതിയേയും കുട്ടികളേയും ആദ്യം ഒരു അംഗനവാടിയിലേക്ക് മാറ്റുകയും പിന്നീട് 21-ാം തിയതിയാണ് ഇവരെ മലപ്പുറം സ്നേഹിതയിലേക്ക് മാറ്റിയത്.

