സൈബർ പോരാളികളുടെ സ്വർണക്കടത്ത് ക്വട്ടേഷൻ; തലവേദനയിൽ നിന്നു തലയൂരാൻ സി പി എമ്മും ഡിവൈഎഫ്ഐയും

കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ മുന്‍സൈബര്‍ സഖാവ് അര്‍ജുന്‍ ആയാങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ടത് ചില്ലറ തലവേദനയല്ല സിപിഐഎമ്മിന് സൃഷ്ടിച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പിഐഎം ആവര്‍ത്തിച്ച് പറയുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.

ആകാശ് തില്ലങ്കേരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ആവേശത്തോടെ സ്വീകരിച്ചവരാണ് കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക ഡിവൈഎഫ്ഐ പ്രവർത്തകരും. എന്നാൽ ന്യായീകരണങ്ങൾക്ക് ഒരു സാധ്യതയുമില്ലാത്ത സ്വർണക്കടത്ത് ക്വട്ടേഷനിൽ സൈബർ പോരാളികൾ അകപ്പെട്ടത് വിശദീകരിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് നേതാക്കൾ.

ആരോപണമുയർന്ന് 24 മണിക്കൂറിനകം എം.വി ജയരാജനെ പോലെ ഒരു മുതിർന്ന നേതാവ് തന്നെ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.
സൈബർ ഇടങ്ങളിൽ ആകാശിനെയും അർജുനെയും പിൻതുണയ്ക്കുന്നതിനെതിരെ ഡിഐഎഫ്‌ഐയും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍.

കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവരെ പിന്തുണയ്ക്കുന്നത് തിരുത്തണം. ആരോപണ വിധേയര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കള്ളക്കടത്ത് നടത്തുന്ന പോരാളി സിംഹങ്ങളാണ് ഇവര്‍ എന്നും ഷാജര്‍ വ്യക്തമാക്കുന്നു.

പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’ എന്നാണ് ആരോപണ വിധേയരെ ഡിഐഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിശേഷിപ്പിക്കുന്നത്. കണ്ണൂരിന് പുറത്തുള്ളവര്‍ പോലും സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കുകയാണ് ഷാജര്‍.

ലഹരി, ക്വട്ടേഷന്‍, കള്ളക്കടത്ത് വിഷയങ്ങളില്‍ സിപിഎം കാല്‍നട ജാഥകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്. അതിനാല്‍ സംശത്തിന് ഇടമില്ലാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയുക. ഇത്തരം അരാജക സംഘങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരണം. സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും, സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരാണോ സഖാക്കള്‍ എന്നും ഡിഐഎഫ്‌ഐ ജില്ലാ കമ്മിറ്റി ചോദിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →