ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവിയും അവിടുത്തെ സ്ഥിരതാമസക്കാരെ നിര്‍വചിച്ച് പ്രത്യേക അവകാശങ്ങളും 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നു പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി. പ്രത്യേക പദവി പുനഃസ്ഥാപിച്ചു കിട്ടുന്നതില്‍ തനിക്കു രാഷ്ട്രീയ മുദ്രാവാക്യമല്ല. അതിനാലാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു തീരുമാനിച്ചതെന്നും മെഹബൂബ വിശദീകരിച്ചു.ജമ്മു കശ്മീരിന്റെ കാര്യത്തിലെടുത്ത തീരുമാനം പാളിയെന്നു തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചതെന്നു മെഹബൂബ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല കശ്മീരിലെ യാഥാര്‍ഥ്യം. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ ശ്വാസംമുട്ടുകയാണെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരിനു വീണ്ടും സംസ്ഥാന പദവി നല്‍കുന്നതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതിന്റെ പിന്നാലെയാണ് മെഹബൂബയുടെ പ്രഖ്യാപനം. സംസ്ഥാന പദവി തിരിച്ചുനല്‍കുന്ന കാര്യത്തില്‍ ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്കു നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നും യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
പ്രത്യേക പദവിയും 370ാം വകുപ്പും പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പിനില്ല: മെഹബൂബ
