ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോളിന് 100 രൂപ കടന്നു

തിരുവനന്തപുരം / കൊച്ചി • പെട്രോൾ വില 26 പൈസ കൂടി കൂട്ടിയതോടെ കേരളത്തിലും വില ലീറ്ററിനു നൂറു കടന്നു. ഇന്നലെ വില 99.78 രൂപയായിരുന്ന തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ ഇതോടെ ഇന്നു വില 100.04 രൂപ. തിരുവനന്തപുരം നഗരത്തിൽ 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണു വില.

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നശേഷം മേയ് 4 മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് ഇക്കാലയളവിൽ കൂടിയത്. കേരളത്തിൽ പ്രീമിയം പെട്രോൾ വില ഈ മാസം എട്ടിനുതന്നെ നൂറു കടന്നിരുന്നു.

രാജ്യത്ത് ആദ്യമായി പെട്രോൾവില നൂറു കടന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഈമാസം 12നു ഡീസൽവിലയും 100 രൂപ കടന്നിരുന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു. ക്രൂഡ് വില 144 ഡോളറെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന 2008ൽ ഇന്ത്യയിൽ പെട്രോളിനുണ്ടായിരുന്നത് ഇപ്പോഴത്തേതിന്റെ പകുതിയിൽ താഴെ വിലമാത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →