എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് സര്‍വീസ് പുനരാരംഭിക്കുന്നു

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തെ അറിയിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച, സാധുവായ റെസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് 23 മുതല്‍ തിരിച്ചുവരാന്‍ കഴിഞ്ഞ ദിവസം ദുബായ് അനുമതി നല്‍കിയിട്ടുണ്ട്. ദുബായ് പ്രസിദ്ധീകരിച്ച ആസ്ട്ര സെനക്ക, സ്പുട്‌നിക് എന്നീ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ആസ്ട്ര സെനക വാക്‌സിന്‍ കോവി ഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വരുന്നവര്‍ യാത്രക്ക് മൂന്‍പ് 48 മണിക്കൂറിനിടെ പിസിആര്‍ പരിശോധന നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ റീഡബിള്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം. കൂടാതെ, ഇവര്‍ വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് റാപിഡ് പിസിആര്‍ പരിശോധനയും നടത്തണം. ദുബായില്‍ എത്തിയാല്‍ വിമാനതാവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയമാകണം. ഈ പരിശോധനയുടെ ഫലം ലഭിക്കും വരെ ഹോട്ടല്‍ ക്വാറന്റയ്‌നില്‍ കഴിയണം.

കൂടുതല്‍ വിമാന സര്‍വീസ് ആയാല്‍ സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിക്കില്ലെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പ്രതീക്ഷ. ഏപ്രിലില്‍ യുഎഇ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നതോടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് 70 ശതമാനം ഇടിഞ്ഞിരുന്നു. യുഎഇയുടെ വിമാന യാത്രാ വരുമാനത്തില്‍ 30 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →