തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അറ്റകൈ പ്രയോഗവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിക്കാനാണ് ദേവസ്വം ബോർഡിന്റെ ആലോചന. ഇതിൽ നിന്ന് കിട്ടുന്ന പലിശ എടുത്ത് തത്കാലം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. ഉരുപ്പടികളുടെ മൂല്യത്തിന്റെ രണ്ടു ശതമാനത്തോളം പലിശയായി ലഭിക്കും. സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നതായി ബോർഡ് പ്രസിഡന്റ് എൻ. വാസു 20/06/21 ഞായറാഴ്ച പറഞ്ഞു.
ഹൈക്കോടതിയുടെ അനുമതിയോടെയാവും പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ, ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികൾ ബോണ്ടാക്കുക.
ക്ഷേത്രങ്ങൾ തുറക്കാനാവാത്തതുമൂലം 2020 മാർച്ച് മുതൽ ഇതുവരെ ബോർഡിന് 600 കോടിയോളം രൂപയാണ് വരുമാന നഷ്ടം. ശമ്പളവും പെൻഷനും മുടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോൾ ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു കൊടുക്കുന്നില്ലെങ്കിലും നിത്യപൂജകൾ നടക്കുന്നുണ്ട്. ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. ദേവസ്വം ബോർഡിൽ 5500 ഓളം ജീവനക്കാരാണുള്ളത്.

