സിസ്‌റ്റര്‍ ലൂസി കളപ്പുരയെ സന്യസ്‌ത സഭയില്‍ നിന്നും പറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു

കൊച്ചി: അച്ചടക്കലംഘനം ആരോപിച്ച്‌ സി. ലൂസി കളപ്പുരയെ സന്യസ്‌ത സഭയില്‍ നിന്ന്‌ പുറത്താക്കിയത്‌ തുടര്‍ച്ചയായ പീഡനമാണെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍. ലൂസിയുടെ പുറത്താക്കലിനെ കുറിച്ച് വിശദീകരണമാവശ്യപ്പെട്ട്‌ പ്രാന്‍സിസ്‌കന്‍ സന്യസ്‌ത സഭക്കും, സി. ലൂസിക്ക്‌ ആവശ്യമായ സഹായം നല്‍കണമെന്ന്‌ നിര്‍ദ്ദേശിച്ച് ചീഫ്‌ സെക്രട്ടറിക്കും കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ നോട്ടീസ്‌ നല്‍കി.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെ പ്രതികരിച്ചതാണ്‌ സി. ലൂസിക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമെന്ന്‌ നോട്ടീസില്‍ പറയുന്നു. എഫ്‌സിസിയുടെ നിയമങ്ങള്‍ ലംഘിച്ച്‌ കാര്‍വാങ്ങി, പുസ്‌തകം എഴുതി, പുസ്‌തകങ്ങളുടെ പ്രതിഫലം വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ്‌ സി. ലൂസിക്കെതിരെ ഉന്നയിച്ചത്‌. സി. ലൂസിയെ പുറത്താക്കിയതിന്‌ വിശദീകരണം നല്‍കണമെന്ന്‌ ആലുവാ ആസ്ഥാനമായ എഫ്‌സിസിയുടെ സുപ്പീരിയര്‍ ജനറല്‍ സി.ആന്‍ ജോസഫിന്‌ നല്‍കിയ നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലൂസിയെ പുറത്താക്കിയതും മഠം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതും ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി കര്‍ണാടക,ബോംബെ ഹൈക്കോടതികളില്‍ ജഡ്‌ജിയായിരുന്ന ജസ്‌റ്റീസ്‌ മൈക്കിള്‍ എഫ്‌ സല്‍ദാന്‍ വത്തിക്കാനിലെ കത്തോലിക്കാ സഭ സുപ്രീം കോടതിയായ സിഗ്‌നേച്ചുറ അപ്പസ്‌തോലികയ്‌ക്കും, ന്യൂ ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും ,സിസ്‌റ്റര്‍ ആന്‍ ജോസഫിനും കഴിഞ്ഞ ദിവസം നോട്ടിസ്‌ അയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →