അക്ഷരപൂജയ്ക്ക് പൂർണവിരാമം

കൊച്ചി: വിട പറഞ്ഞത് മലയാളിയുടെ ഹൃദയവീണയില്‍ നാദമായി എത്തിയ അനശ്വരഗാനങ്ങളുടെ രചയിതാവ്. പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന (രാക്കുയിലിന്‍ രാഗസദസ്സില്‍), ദേവസംഗീതം നീയല്ലേ (ഗുരു),ഒരു രാജമല്ലി വിടരുന്ന പോലെ (അനിയത്തിപ്രാവ്),എന്നും നിന്നെ പൂജിക്കാം (അനിയത്തിപ്രാവ്)….തുടങ്ങിയ രമേശന്‍ നായരുടെ മനോഹര ഗാനങ്ങള്‍ ഇനിയും കാലത്തെ അതീജീവിച്ച് സംഗീത പ്രേമികളുടെ മനസില്‍ നിറഞ്ഞ് തന്നെ നില്‍ക്കും. പന്ത്രണ്ടാംവയസില്‍ പരിവര്‍ത്തനമെന്ന പേരില്‍ ആദ്യ കവിത. ബി.എയ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കവിതാസമാഹാരം. 85ല്‍ പത്താമുദയത്തിലൂടെ മലയാളസിനിമാഗാനരചനയിലേക്ക് കടന്നു. മലയാള സിനിമാഗാനങ്ങളായും ഭക്തിഗാനങ്ങളായും രമേശന്‍നായരുടെ തൂലികയില്‍ പിറന്നത് മൂവായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളാണ്. 1948 ഫെബ്രുവരി 2-ന് കന്യാകുമാരിയിലെ കുമാരപുരത്താണ് എസ്.രമേശന്‍ നായര്‍ ജനിച്ചത്. അച്ഛന്‍ ഷഢാനന്ദന്‍ തമ്പി. അമ്മ പരമേശ്വരിയമ്മ. കന്യാകുമാരിക്കാര്‍ മലയാളവും തമിഴും സംസാരിക്കുന്നവരായിരുന്നു. അതിനാല്‍ മലയാളത്തോടൊപ്പം തമിഴിലും അദ്ദേഹം പ്രാവീണ്യം നേടി. എം.എ.മലയാളം ഒന്നാംറാങ്കില്‍ പാസായ രമേശന്‍ നായര്‍ 1975ല്‍ എ.ഐ.ആറില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ജോലിയില്‍ പ്രവേശിച്ചു. കേരള ഭാഷാ ഇനിസ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും ജോലിചെയ്തിട്ടുണ്ട്.


ചലച്ചിത്രഗാനങ്ങള്‍ക്കു വേണ്ടി ഗാനരചന ആരംഭിക്കുന്നതിനുമുമ്പ് ആകാശവാണിയ്ക്കും ദൂരദര്‍ശനും വേണ്ടിയും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാനരചയിതാവായി ആദ്യം പ്രവര്‍ത്തിച്ചത് രംഗം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നെങ്കിലും, ആദ്യം റിലീസ് ചെയ്ത ചിത്രം ഇടനിലങ്ങള്‍ ആയിരുന്നു. ആദ്യ ആല്‍ബം പുഷ്പാഞ്ജലി 1981ല്‍ പുറത്തിറങ്ങി. ഇതില്‍ ജയചന്ദ്രന്‍ ആലപിച്ച വിഘ്‌നേശ്വരാ, ജന്മനാളികേരം നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നൂ എന്നു തുടങ്ങിയതുള്‍പ്പെടെ 10 ഗാനങ്ങളും പ്രസിദ്ധം. 1982ല്‍ രണ്ടാമത്തെ ആല്‍ബം വനമാല. അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുണരുന്നു, അഗ്രേ പശ്യാമി തുടങ്ങി 12 ഗാനങ്ങളും മലയാളം നെഞ്ചേറ്റുകയായിരുന്നു. ഒറ്റരാത്രി കൊണ്ടു രമേശന്‍ നായര്‍ എഴുതിത്തീര്‍ത്ത് മൂന്നാം ദിവസം റെക്കോര്‍ഡ് ചെയ്ത തരംഗിണിയുടെ മയില്‍പ്പീലി കസെറ്റ് ഭക്തിഗാനരംഗത്തെ മറ്റൊരു ചരിത്രമാണ്. എം എസ് വിശ്വനാഥന്‍, കെ വി മഹാദേവന്‍, ജി ദേവരാജന്‍, ഇളയരാജ, ശ്യാം, രവീന്ദ്രന്‍, രവീന്ദ്ര ജയിന്‍, എം ജി രാധാകൃഷ്ണന്‍, ജോണ്‍സണ്‍, ജയവിജയ, ശരത് തുടങ്ങി ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


വിവാദമായ ‘ശതാഭിഷേകം’ എന്ന നാടകം രചിച്ചത് എസ്. രമേശന്‍ നായരാണ്. ‘ശതാഭിഷേകം’ എന്ന നാടകം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മകന്‍ കെ. മുരളീധരനും എതിരാണെന്ന വിവാദത്തെത്തുടര്‍ന്ന് ആന്‍ഡമാനിലേക്ക് സ്ഥലംമാറ്റി. പക്ഷേ, അദ്ദേഹം രാജിവെച്ചു. വര്‍ഷങ്ങള്‍ക്കുശേഷം രമേശന്‍ നായരുടെ ഒരു ഭക്തിഗാന ആല്‍ബം കരുണാകരന്‍ പ്രകാശനം ചെയ്യുകയും ചെയ്തു. 1975ല്‍ തൃശൂര്‍ ആകാശവാണിയില്‍ നിന്നും ‘സ്ത്രീപര്‍വ്വം’ എന്ന നാടകം ആറുഭാഗങ്ങളിലായി പ്രക്ഷേപണം ചെയ്യുകയുണ്ടായി. 1985ല്‍ നാടകവാരത്തില്‍ ചിലപ്പതികാരം എന്ന നാടകം പ്രക്ഷേപണം ചെയ്തു. ഇതിനിടയില്‍ ഇഷ്ടദേവനായ ശ്രീകൃഷ്ണനെക്കുറിച്ച് നൂറുകണക്കിന് ഗാനങ്ങള്‍ ആവര്‍ത്തനമില്ലാതെ അര്‍ഥഭംഗിയോടെ ചിട്ടപ്പെടുത്തി. തമിഴ് ഭാഷയില്‍ നല്ല പ്രാഗല്‍ഭ്യമുളള അദ്ദേഹം ചിലപ്പതികാരവും തിരുക്കുറലും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കഥാകൃത്തായ രമയാണ് ഭാര്യ. മകന്‍ മനു രമേശനും ഗാനരചന രംഗത്ത് സജീവമാണ്.പുത്തേഴന്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, കേരള പാണിനി പുരസ്‌കാരം, പൂന്താനം അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2018-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഗുരുപൗർണമി എന്ന കാവ്യ സമാഹാരത്തിന്റെ രചയിതാവാണ് ഇദ്ദേഹം. ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളും അപഗ്രഥനാത്മകമായി ആവിഷ്‌കരിക്കുന്ന കാവ്യമാണ് ഗുരുപൗര്‍ണ്ണമി.

പ്രധാന കൃതികള്‍


കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേപശ്യാമി, അളകനന്ദ, ജന്മപുരാണം, സൂര്യഹൃദയം, സരയൂതീര്‍ഥം, സ്വാതിമേഘം, ഭാഗപത്രം, ചരിത്രത്തിനു പറയാനുള്ളത്, ഗ്രാമക്കുയില്‍, ഗുരുപൗര്‍ണമി, ഉണ്ണി തിരിച്ചുവരുന്നു എന്നിവ കവിതാസമാഹാരങ്ങള്‍.

ചിലപ്പതികാരം, തിരുക്കുറല്‍, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, തെന്‍പാണ്ടിസിംഹം, സംഗീതക്കനവുകള്‍ എന്നിവ വിവര്‍ത്തനങ്ങള്‍.

കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം എന്നിവ ബാലസാഹിത്യകൃതികള്‍.

സ്ത്രീപര്‍വം, ആള്‍രൂപം, വികടവൃത്തം, ശതാഭിഷേകം എന്നിവ നാടകങ്ങള്‍.

പൂമുഖവാതില്‍ക്കല്‍, ഓപ്രിയേ, മഞ്ഞുപോലെ, ഹരിവരാസനം, പുഷ്പാഞ്ജലി, വനമാല തുടങ്ങിയവ ഗാനസമാഹാരങ്ങള്‍.

പ്രശസ്ത ഗാനങ്ങള്‍

  1. എത്ര പൂക്കാലമിനി (രാക്കുയിലിന്‍ രാഗസദസ്സില്‍)
  2. പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന (രാക്കുയിലിന്‍ രാഗസദസ്സില്‍)
  3. ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്റെ വീട്)
  4. ഏദന്‍ താഴ്വരയില്‍ ചിരിതൂകും (കുറുപ്പിന്റെ കണക്ക് പുസ്തകം)
  5. ഋതുമതി പാലാഴി (സുഖം സുഖകരം)
  6. പാല്‍നിലാവിന്‍ കളഹംസമേ (വാര്‍ദ്ധക്യപുരാണം)
  7. മധുവിധു രാവുകളേ സുരഭില (ആദ്യത്തെ കണ്‍മണി)
  8. ശരപ്പൊളി മാല ചാര്‍ത്തി (ഏപ്രില്‍ 19)
  9. ദേവികേ നിന്‍ മെയ്യില്‍ (ഏപ്രില്‍ 19)
  10. ഓണത്തുമ്പീ പാടൂ (സൂപ്പര്‍മാന്‍)
  11. ദേവസംഗീതം നീയല്ലേ (ഗുരു)
  12. ഒരു രാജമല്ലി വിടരുന്ന പോലെ (അനിയത്തിപ്രാവ്)
  13. എന്നും നിന്നെ പൂജിക്കാം (അനിയത്തിപ്രാവ്)
  14. മയിലായ് പറന്നു വാ (മയില്‍പ്പീലിക്കാവ്)
  15. ആവണിപ്പൊന്നൂഞ്ഞാലാടിക്കാം (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍)
  16. അമ്പാടിപ്പയ്യുകള്‍ മേയും (ചന്ദ്രനുദിക്കുന്ന ദിക്കില്‍)
  17. പൊന്നിട്ട പെട്ടകം പൂത്തില്ലേ (പ്രണയനിലാവ്)
  18. ഇരുമെയ്യും ഒരു മനസ്സും (ഞങ്ങള്‍ സന്തുഷ്ടരാണ്)
  19. കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം (ദോസ്ത്)
  20. തേരിറങ്ങും മുകിലേ (മഴത്തുള്ളികിലുക്കം)
  21. ദേവസന്ധ്യാഗോപുരത്തിന്
  22. യമുനാ നദിയൊഴുകും സുപ്രഭാതം
  23. രാധതന്‍ പ്രേമത്തോടാണോ
  24. ചന്ദനചര്‍ച്ചിത നീലകളേബരം
  25. ചെമ്പൈക്കു നാദം നിലച്ചപ്പോള്‍
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →