ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തും: കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: . അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതാണ് ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയെന്ന് കന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം വഴി അറിയിച്ചു. പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണന്നും പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം 4.1 കോടി ആളുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. കൂടാതെ, 1.4 കോടി പേര്‍ (സംസ്ഥാനത്തിനകത്തും പുറത്തേക്കും) തൊഴിലിനായും താമസം മാറ്റിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാരുകളാണ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നുവെന്നതിനാല്‍ കാര്‍ഡുടമയുടെ പേരുള്ള റേഷന്‍ കടയില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. ഉപഭോക്താവ് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോള്‍ ആ സംസ്ഥാനത്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കണം. മറ്റു സങ്കീര്‍ണതകളുമുണ്ട്. ഉദാഹരണമായി, വിവാഹത്തിനുശേഷം ഒരു സ്ത്രീ മാതാപിതാക്കളുടെ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടി ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കാര്‍ഡില്‍ പേര് ചേര്‍ക്കണം.പൊതുവിതരണ സംവിധാനത്തിലെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാര്‍ഡുടമയെ തിരിച്ചറിയാനും രേഖപ്പെടുത്താനുമാകും. ഇന്ത്യയിലെല്ലായിടത്തും ഒരേ സെര്‍വറില്‍ നിന്നും വിവരം കൈമാറപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →