ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി.മുംബൈ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തി. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിനെതിരെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് (ജെകെപിസിസി) കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജില്ലകളിലും ശക്തമായ പ്രതിഷേധം നടത്തി. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ജെകെപിസിസി പ്രസിഡന്റ് ജിഎ മിര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ യൂണിറ്റുകളും മറ്റ് പാര്‍ട്ടി യൂണിറ്റുകളും മുതിര്‍ന്ന നേതാക്കളും സമാനമായ പ്രതിഷേധം നടത്തി .രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ നികുതി നിരക്ക് കുറക്കണമെന്നായിരുന്നു ആവശ്യം. മെയ് നാലിന് ശേഷം 22ാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പ്രീമിയം പെട്രോളിന് വില 100 കടക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →