ന്യൂഡൽഹി: വിവേചനരഹിതമായ കൂട്ടത്തോടെയുള്ള കോവിഡ് വാക്സിനേഷനെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ.
എയിംസിലെ ഡോക്ടർമാരും കോവിഡിനെതിരായ ദേശീയ ടാസ്‌ക്ഫോഴ്‌സിലെ അംഗങ്ങളും ഉൾപ്പെടെയുള്ള ഒരു കൂട്ടം പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്, കൂട്ടത്തോടെ, വിവേചനരഹിതമായി, അപൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസിന്റെ ജനിതക വ്യതിയാനം പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ്.
ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (ഐപിഎച്ച്‌എ), ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ (ഐഎപിഎസ്എം), ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമിയോളജിസ്റ്റ്സ് (ഐഎഇ) എന്നിവയിലെ വിദഗ്ധർ 10/06/21 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത് . ജനസംഖ്യയിൽ വ്യാപകമായ കുത്തിവയ്പ്പിനുപകരം ദുർബലരായവർക്കും അപകടസാധ്യതയുള്ളവർക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുക എന്നതാവണം ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ ഘട്ടത്തിൽ എല്ലാ പ്രായക്കാർക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിനേക്കാൾ ലോജിസ്റ്റിക്സും എപ്പിഡെമോളജിക്കൽ ഡാറ്റയും വഴി വാക്സിനേഷന് മുൻഗണന നൽകുന്നതാകും കൂടുതൽ ഗുണപ്രദമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചിട്ടുണ്ട്.
കോവിഡ് പിടിപെട്ട ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകേണ്ട ആവശ്യമില്ലെന്നും റിപ്പോർട് പറയുന്നു. സ്വാഭാവിക അണുബാധയ്ക്ക് ശേഷം വാക്സിൻ പ്രയോജനകരമാണെന്ന് തെളിവുകൾ ലഭിതിന് ശേഷം മാത്രം ഒരിക്കൽ രോഗം വന്ന ആളുകൾക്ക് വാക്സിനേഷൻ നൽകാം, ശുപാർശകളിൽ പറയുന്നു.
‘കൊറോണ വൈറസിനെതിരായ ശക്തമായ ആയുധമാണ് വാക്സിൻ. എല്ലാ ശക്തമായ ആയുധങ്ങളെയും പോലെ ഇതും വിവേചനരഹിതമായി ഉപയോഗിക്കരുത് , ചെലവ് കുറഞ്ഞ രീതിയിൽ പരമാവധി ആനുകൂല്യം നേടുന്നതിന് തന്ത്രപരമായി ഉപയോഗിക്കണം, എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകുന്നത് തികച്ചും അർത്ഥവത്താണെങ്കിലും, വാക്സിനുകളുടെ ലഭ്യത പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയുടെ നടുവിലാണ് രാജ്യം എന്ന യാഥാർത്ഥ്യം നാം അംഗീകരിക്കണം. ഈ സാഹചര്യത്തിൽ, മരണങ്ങൾ കുറയ്ക്കുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ഇതിൽ ഭൂരിഭാഗവും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും അമിതവണ്ണമുള്ളവരും ഒക്കെയാണ്.
” റിപ്പോര്‍ട്ട് പറയുന്നു.

