ന്യൂഡല്‍ഹി: നാം തിരയുന്ന ഒരു വെബ്സൈറ്റ് അഡ്രസ് സെര്‍വറിന് മനസ്സിലാക്കിക്കൊടുക്കുന്ന ‘പരിഭാഷക സംവിധാന’ത്തെ ഹാക്കര്‍മാര്‍ ആക്രമിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡി.എന്‍.എസ്.) സൈബര്‍ ആക്രമണം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2021ല്‍ ഏറ്റവും ആക്രമണങ്ങള്‍ അനുഭവിച്ച ഏഷ്യയിലെ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നാണ് നെറ്റ്വര്‍ക്ക് സുരക്ഷയുടെ പ്രമുഖ ദാതാക്കളായ എഫിഷ്യന്റ് ഐപി റിപ്പോര്‍ട്ട്.ആഗോളതലത്തില്‍ 90 ശതമാനം ഓര്‍ഗനൈസേഷനുകളും ഡിഎന്‍എസ് ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഡിഎന്‍എസ് ആക്രമണത്തില്‍ ഏഷ്യയിലെ നഷ്ടത്തില്‍ മുന്‍കാലത്തേ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയുണ്ടായി, 908,140 ഡോളര്‍ ചിലവ്, കഴിഞ്ഞ വര്‍ഷം 792,840 ഡോളറായിരുന്നു ഇത്.നാശനഷ്ടങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായ രാജ്യങ്ങളില്‍ മലേഷ്യ 78 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32 ശതമാനം വര്‍ദ്ധനവ് ഇന്ത്യയിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വെബ്സൈറ്റുകള്‍ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസിലാണ് (ഐ.പി. അഡ്രസ്). അതായത് ടൈപ്പ് ചെയ്യുന്ന അഡ്രസിനെ, ഐ.പി. അഡ്രസ് ആക്കി മാറ്റുകയാണ് ഡി.എന്‍.എസ്. എന്ന പരിഭാഷകസംവിധാനം ചെയ്യുന്നത്. ഈ ഡി.എന്‍.എസില്‍ വൈറസ് ആക്രമണം ഉണ്ടായാല്‍ പരിഭാഷ നടക്കില്ല.ഡി.എന്‍.എസ്. ഹാക്ക് ചെയ്യുന്നവര്‍ക്ക് വേണമെങ്കില്‍ സൈബര്‍ തട്ടിപ്പ് നടത്താനും കഴിയും. തിരയുന്ന പേജിന് സമാനമായ പേജിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതിലൂടെയാണിത്. അങ്ങനെ കൂട്ടിക്കൊണ്ടുപോയി വിവരങ്ങള്‍ എടുത്ത ശേഷം വിച്ഛേദിക്കും. വീണ്ടും ശ്രമിക്കുമ്പോള്‍ യഥാര്‍ഥ സൈറ്റിലേക്ക് പോയെന്നുമിരിക്കും. ബാങ്കുകളുടെ സൈറ്റുകളിലെ സെര്‍ച്ചുകളാണ് ഇത്തരം ഹാക്കിങ്ങില്‍ ഭീഷണിയിലാവുക.
ഡൊമെയ്ന്‍ നെയിം സിസ്റ്റം സൈബര്‍ ആക്രമണം ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
