തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. മാര്‍ക്കറ്റിലെ മുകളിലത്തെ നിലയിലുള്ള അടഞ്ഞു കിടന്ന കളിപ്പാട്ട കടയ്ക്കാണ് തീപിടിച്ചത്. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ തന്നെ ആഴ്ച്ചകളായി കട അടഞ്ഞു കിടക്കുകയായിരുന്നു. 31/05/21 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എങ്ങനെയാണ് തീപ്പിടിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവസ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത്, ഡിസിപി എന്നിവരും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ലോക്ക്ഡൗണ്‍ ആയതിനാല്‍ ആള്‍ക്കൂട്ടം ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തീപ്പിടുത്തത്തെ തുടര്‍ന്ന് പുക ഉയര്‍ന്ന സാഹചര്യത്തിലാണ് വിവരം പുറത്തറിയുന്നത്.

