രാജ്യത്ത് പകുതി പേരും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് 50 ശതമാനത്തോളം പേരും മാസ്ക് ധരിക്കാറില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 14 ശതമാനം പേർ മാത്രമാണ് മൂക്കും വായയും താടിയും മൂടുന്ന തരത്തിൽ മൂക്കിന്റടുത്ത് ക്ലിപ്പ് വരുന്ന മാസ്ക് ധരിക്കുന്നതെന്നും പഠനത്തെ അടിസ്ഥാനമാക്കി മന്ത്രാലയം വ്യക്തമാക്കുന്നു.

മാസ്ക് ധരിക്കുന്ന 64 ശതമാനം ആളുകളും വായ മൂടുമെങ്കിലും മൂക്ക് മറയ്ക്കാറില്ല. 20 ശതമാനം ആളുകൾ താടിയിലും രണ്ടു ശതമാനം പേർ കഴുത്തിലുമാണ് മാസ്ക് ധരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു.

ശരിയായ തരത്തിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ കോവിഡ് പകരാനുള്ള സാധ്യത കുറയുമെന്നും മെയ് 21 ന് മന്ത്രാലയം പറയുന്നു.

കോവിഡ് ബാധിതനായ ഒരാൾ സാമൂഹിക അകലമടക്കമുള്ള നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ അയാൾ മുപ്പതു ദിവസത്തിനുള്ളിൽ‍ 406 പേരിലേക്ക് കോവിഡ് പടർത്തുന്നു. മുൻകരുതലെടുത്തില്ലെങ്കിൽ ഓരോ രോഗിയിൽ നിന്നും വൈറസ് പടരുന്നത് വളരെ വേഗതയിലായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറയുന്നു. നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

എല്ലാവരും വാക്സിൻ എടുത്താലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അവസാനിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. കൊറോണ വൈറസിന് സ്ഥിരമായി രൂപമാറ്റം സംഭവിക്കുന്നതിനാൽ വാക്സിൻ പുതിയ വൈറസുകൾക്കെതിരെ എത്രമാത്രം വിജയകരമായി പ്രവർത്തിക്കുമെന്ന് കണ്ടെത്താൻ കഴിയാത്തതിനാലാണിത്.

വൈറസ് അടങ്ങിയ മൈക്രോ–ഡ്രോപ്‌ലറ്റ്സ് അന്തരീക്ഷത്തിൽ പടരുന്നത് മാസ്ക് തടയുമെന്നും വിദഗ്ധർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →