കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരത്തിന്. തന്റെ പഴയ തട്ടകമായ ഭവാനിപ്പുരില്‍ നിന്നാണ് മമത ഇക്കുറി ജനവിധി തേടുന്നത്. മമതയ്ക്കു മത്സരിക്കാന്‍ വഴിയൊരുക്കി, ഭവാനിപ്പുരില്നിന്നു വിജയിച്ച തൃണമൂല്‍ എം.എല്‍.എയും കൃഷി മന്ത്രിയുമായ ശോഭന്ദേബ് ചതോപാധ്യായ രാജിവച്ചു.തൃണമൂല്‍ മുന്‍ നേതാവും അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയോടാണ് നന്ദിഗ്രാമില്‍ മമത പരാജയപ്പെട്ടത്. 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭവാനിപ്പുരില്നിന്നാണു മമത വിജയിച്ചത്. 21/05/21 ഉച്ചകഴിഞ്ഞാണ് ശോഭന്ദേബ് ചതോപാധ്യായ സ്പീക്കര്‍ ബിമന്‍ ചതോപാധ്യായയ്ക്കു രാജിക്കത്ത് കൈമാറിയത്. ആറുമാസത്തിനുള്ളില്‍ മമത ഭവാനിപ്പുരില്നിന്നു ജനവിധി തേടുമെന്നു ശോഭന്ദേബ് പറഞ്ഞു.എം.എല്‍.എ. സ്ഥാനം രാജിവച്ചെങ്കിലും നിലവില്‍ കൃഷിമന്ത്രിയായ ശോഭന്ദേബ് ചതോപാധ്യായ ആറു മാസം ആ പദവിയില്‍ തുടരും. തുടര്‍ന്ന് മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ച് നിയമസഭയില്‍ തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2016-ല്‍ റാഷ്ബെഹാരി മണ്ഡലത്തില്‍നിന്നു വിജയിച്ച ശോഭന്ദേബ് ചതോപാധ്യായ മമത മന്ത്രിസഭയില്‍ ഊര്‍ജവകുപ്പ് മന്ത്രിയായിരുന്നു.
ഭവാനിപ്പുരില്‍ മത്സരിക്കാന്‍ മമത
