ചെന്നൈയിലെ ഇവിഎം ഫിലിംസിറ്റിയിലാണ് പുറംലോകവുമായി ബന്ധമില്ലാതെ 100 ദിനങ്ങൾ മത്സരാർഥികളെ കഴിച്ച് കൂട്ടുന്നതിനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചിരിക്കുകയാണ്.
ഈ ഷോയുടെ അണിയറ പ്രവർത്തകരിൽ ആറുപേർക്ക് നേരത്തെ കൊറോണ ബാധിച്ച റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവർ സ്ഥിരം സെറ്റിലുള്ളവർ അല്ലെന്നും ഇവരുമായി നേരിട്ടിടപെട്ടവരെ കോറന്റെയിനിൽ ആക്കിയെന്നുമാണ് റിയാലിറ്റി ഷോ അധികൃതർ വിശദീകരിച്ചിരുന്നത്. അതിനിടയ്ക്കാണ് ആണ് ഇപ്പോൾ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് നിർത്തിയത്. പ്രശ്നം പരിഹരിച്ച ശേഷം ഷോ പുനരാരംഭിക്കാൻ ആണ് ശ്രമം നടക്കുന്നത്.
നേരത്തെ ഇതേ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ 100 ദിവസത്തെ ഷോ രണ്ടാഴ്ച നീട്ടിയിരുന്നു. കോവിഡ് ബാധ മൂലം ഒരാഴ്ച എലിമിനേഷൻ പ്രക്രിയയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ 90 ലധികം ദിവസം പിന്നിട്ട മത്സരാർത്ഥികളും അണിയറപ്രവർത്തകരും ഗ്രാൻഡ്ഫിനാലെ ക്കുള്ള ഒരുക്കത്തിനിടെ ആണ് ഷൂട്ടിങ് നിർത്തി വെക്കേണ്ടി വന്നത്.
മത്സരാർത്ഥികളെ താൽക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട തമിഴ്നാട്ടിൽ തുടർന്നിരുന്ന ഒരേയൊരു ഷൂട്ടിംഗ് മലയാളം ബിഗ് ബോസ് സീസൺ 3 യുടേതായിരുന്നു. കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

