കണ്ണൂര്‍: അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ വാക്സിനേഷനും ചികിത്സാ സൗകര്യങ്ങലും ഒരുക്കി സംരക്ഷിക്കാന്‍ കേരളത്തിന്റെ തീവ്ര ശ്രമം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണെങ്കിലും കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കേരളം വിട്ടവരില്‍ മഹാഭൂരിപക്ഷം പേരും തിരിട്ടുവന്നിട്ടില്ല. ഇത് നിര്‍മ്മാണം അടക്കം പലമേഖലകളേയും ബാധിക്കുമെന്നതാനാലാണ് ഈ നീക്കം. എല്ലാ ജില്ലകളിലും ഭാഷ അറിയാവുന്നവരെ നിയോഗിച്ച് കോള്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് രോഗം വന്നാല്‍ ആശുപത്രി ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ കോവിഡ് ബോധവല്‍ക്കരണ ലഘുലേഖകളും തയ്യാറാക്കുന്നുണ്ട്.
ഇതിനിടെ രണ്ടാം കോവിഡ് വ്യാപനം ഭയന്ന് ഒട്ടേറെപ്പേര്‍ വീണ്ടും കേരളം വിട്ടു. പല ദീര്‍ഘദൂര തീവണ്ടികളില്‍ ടിക്കറ്റുപോലും കിട്ടാത്ത അവസ്ഥയുണ്ട്. ആസൂത്രണ കമ്മീഷന് തയ്യാറാക്കിയ കണക്കുപ്രകാരം 2013ല്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു. വര്‍ഷം തോറും 8 ശതമാനം കൂടുന്നുണ്ടെന്നും നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ കൊല്ലം കോവിഡ് കാലത്ത് തൊഴില്‍ വകുപ്പ കണക്കെടുത്തപ്പോള്‍ 4,34,280 പേരെയാണ് കണ്ടെത്തിയത് ഇതില്‍ 3, 07,138 പേര് തിരികെപോയി സെപ്തംബര്‍ അവസാനം വരെ 8196 പേര്‍മാത്രമാണ് തിരികെയെത്തിയത്. ആകെ ഇപ്പോള്‍ 1,76,412 പേര് മാത്രമാണ് കേരളത്തിലുളളത്. ഇതില്‍ നിന്ന് കുറെപ്പേര് കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.

