കൊച്ചി: വാക്സിൻ വിതരണ നയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 27/04/21 ചൊവ്വാഴ്ച പരിഗണിക്കും. പാലക്കാട് സ്വദേശി സി.പി പ്രമോദാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഒരേ വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ 45 വയസിൽ താഴെയുള്ളവർക്കുള്ള വാക്സിൻ വിതരണം തുടങ്ങാത്തത് ഭരണഘടനാ വിരുദ്ധമാണ്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ വില നിയന്ത്രിക്കുവാനാവശ്യമായ നടപടികൾക്ക് കോടതി നിർദേശം നൽകണം. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കണം. വാക്സിൻ നിർമാണക്കമ്പനികൾക്ക് വില നിർണയാവകാശം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

