‘ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ തള്ളിപ്പറയില്ല’ ‘വീക്ഷണ’ത്തിന്റെ ക്ഷണത്തിന് ചെറിയാൻ ഫിലിപ്പിന്റെ മറുപടി

തിരുവനന്തപുരം: സിപിഎം ബന്ധമുപേക്ഷിച്ച് വന്നാൽ കോൺഗ്രസ് സ്വീകരിക്കുമെന്ന വീക്ഷണം പത്രത്തിന്റെ ‘ഓഫർ’ തളളിക്കളഞ്ഞ് ചെറിയാൻ ഫിലിപ്പ് . രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിൽ കുറിച്ചു.

രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പ് ഇടതു ചേരിയിൽ അതൃപ്തനാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനിടെയായിരുന്നു കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തിന്റെ ക്ഷണവും.

ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

“രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല.

ബാല്യം മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദുഖമുണ്ടെന്നു കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്.

ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.

1976 മുതൽ 1982 വരെ ഞാൻ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആന്റണിയുടെ പ്രസംഗം സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →