ബുഡാപെസ്റ്റ് / 2026 / നവംബർ 06
ഇന്ത്യയും ഹംഗറിയും തമ്മിലുള്ള വ്യാപാര, നിക്ഷേപ, സാങ്കേതിക സഹകരണം ശക്തമാക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക സഹമന്ത്രി ജിതിൻ പ്രസാദ ഹംഗറി സന്ദർശിച്ചു. നവംബർ നാലുമുതൽ ആറുവരെയായിരുന്നു സന്ദർശനം. ഉന്നതതല കൂടിക്കാഴ്ചകൾ, വ്യവസായ സ്ഥാപനങ്ങളിലെ സന്ദർശനങ്ങൾ, ബിസിനസ് പ്രതിനിധികളുമായും ഇന്ത്യൻ സമൂഹവുമായുമുള്ള ആശയവിനിമയം എന്നിവ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, വ്യവസായ വികസനം എന്നിവയിൽ സഹകരണം വിപുലമാക്കാനുള്ള അവസരങ്ങൾ ഇതിലൂടെ തേടി.
ഉന്നതതല കൂടിക്കാഴ്ചകളിൽ പുതിയ സഹകരണ സാധ്യതകൾ
ഹംഗേറിയൻ ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറുമായി ജിതിൻ പ്രസാദ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും കൂടുതൽ മേഖലകളിൽ സഹകരിക്കാനുള്ള സാധ്യതകളുമായിരുന്നു ചർച്ചാവിഷയങ്ങൾ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വിശാലമായ ബന്ധത്തിന്റെ പശ്ചാത്തലത്തിലും സഹകരണ സാധ്യതകൾ വിലയിരുത്തി. ഹംഗറിയുടെ ശാസ്ത്ര സാങ്കേതിക മന്ത്രിയുമായും അദ്ദേഹം ചർച്ച നടത്തി. പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലെ ഉഭയകക്ഷി സഹകരണം വിപുലമാക്കുന്നതിനായിരുന്നു പ്രാധാന്യം. ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ സഹകരിക്കാനുള്ള അവസരങ്ങളും പരിശോധിച്ചു.
മധ്യ യൂറോപ്പിലെ പ്രമുഖ കാർഷിക ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഹംഗേറിയൻ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ലൈഫ് സയൻസസും മന്ത്രി സന്ദർശിച്ചു. കാർഷിക ഗവേഷണം, കാർഷിക സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സുസ്ഥിര കൃഷിരീതികൾ എന്നിവയിൽ സഹകരിക്കാനുള്ള സാധ്യതകൾ സന്ദർശനത്തിൽ പരിശോധിച്ചു.
ഔഷധ നിർമാണത്തിലും ആരോഗ്യ സാങ്കേതികവിദ്യയിലും അവസരങ്ങൾ
ഹംഗറിയിലെ പ്രമുഖ ഔഷധക്കമ്പനിയായ ഗെഡിയൺ റിക്ടറും ജിതിൻ പ്രസാദ സന്ദർശിച്ചു. റിക്ടർ തെമിസ് മെഡികെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് കമ്പനിക്ക് ഇന്ത്യയിൽ നിർമാണ സാന്നിധ്യമുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വ്യവസായ ബന്ധങ്ങൾ സന്ദർശനത്തിൽ ശ്രദ്ധയിൽപ്പെടുത്തി. ഔഷധ നിർമാണം, ഗവേഷണവും വികസനവും, ആരോഗ്യ സാങ്കേതികവിദ്യകൾ എന്നിവയിൽ കൂടുതൽ സഹകരിക്കാനുള്ള അവസരങ്ങളും വിലയിരുത്തി.
നൂറിലധികം ബിസിനസ് പ്രതിനിധികളുമായി ആശയവിനിമയം
നവംബർ അഞ്ചിന് ബുഡാപെസ്റ്റിൽ നടന്ന ഇന്ത്യ ഹംഗറി ബിസിനസ് സെമിനാറിൽ ജിതിൻ പ്രസാദ സംസാരിച്ചു. നൂറിലധികം ബിസിനസ് പ്രതിനിധികൾ പങ്കെടുത്തു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലമാക്കാൻ വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും ശക്തമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും വ്യവസായ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇന്ത്യൻ, ഹംഗേറിയൻ കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ സാങ്കേതികവിദ്യകൾ, ഇലക്ട്രോണിക്സ് നിർമാണം, ഔഷധ വ്യവസായം, കൃഷി, പരസ്പര താൽപര്യമുള്ള മറ്റു മേഖലകൾ എന്നിവയിലെ അവസരങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ അടുക്കുന്നതിലൂടെ ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. വാണിജ്യബന്ധങ്ങൾ ശക്തമാക്കാനും സഹകരണത്തിന് പുതിയ വഴികൾ കണ്ടെത്താനും ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു.
മന്ത്രിയെ അനുഗമിച്ച ഇന്ത്യൻ ബിസിനസ് പ്രതിനിധിസംഘവും ഇന്ത്യൻ എംബസി സംഘടിപ്പിച്ച ബിസിനസ് സെമിനാറിൽ പങ്കെടുത്തു. ഹംഗേറിയൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഹംഗേറിയൻ എക്സ്പോർട്ട് പ്രൊമോഷൻ ഏജൻസി, ഹംഗേറിയൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസി എന്നിവയുടെ പ്രതിനിധികളുമായി സംഘം ആശയവിനിമയം നടത്തി. സെമിനാറിന്റെ ഭാഗമായി ഇന്ത്യൻ കമ്പനികളും ഹംഗേറിയൻ കമ്പനികളും തമ്മിൽ നേരിട്ടുള്ള ബിസിനസ് കൂടിക്കാഴ്ചകളും നടന്നു. പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തുക, വാണിജ്യബന്ധങ്ങൾ ശക്തമാക്കുക, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ബിസിനസ് സഹകരണം എന്നിവ വിപുലമാക്കാനുള്ള വഴികൾ തിരിച്ചറിയുക എന്നിവയായിരുന്നു ലക്ഷ്യം.
ഫോക്സ്കോൺ സന്ദർശനവും ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും
ഹംഗറിയിലെ ഫോക്സ്കോൺ നിർമാണ കേന്ദ്രങ്ങളും ജിതിൻ പ്രസാദ സന്ദർശിച്ചു. അത്യാധുനിക ഡേറ്റാ സെന്റർ അടിസ്ഥാനസൗകര്യങ്ങൾ, നെറ്റ്വർക്ക് ആശയവിനിമയ ഉപകരണങ്ങൾ, നിർമിതബുദ്ധി സെർവർ സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. ഇലക്ട്രോണിക്സ് നിർമാണം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം ശക്തമാക്കാനുള്ള അവസരങ്ങൾ സന്ദർശനത്തിൽ ശ്രദ്ധയിൽപ്പെടുത്തി. പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിലെ സഹകരണ സാധ്യതകളും ഇതിൽ ഉൾപ്പെട്ടു.
ബുഡാപെസ്റ്റിലെ അമൃത ഷേർഗിൽ കൾച്ചറൽ സെന്ററിൽ ഹംഗറിയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി സംവദിച്ചു. ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും ഇന്ത്യയും ഹംഗറിയും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്നതിലും പ്രവാസി ഇന്ത്യക്കാർ നൽകുന്ന സംഭാവന അദ്ദേഹം അംഗീകരിച്ചു. ഹംഗറിയുമായുള്ള സാമ്പത്തിക, സാങ്കേതിക പങ്കാളിത്തം ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത സന്ദർശനം ആവർത്തിച്ച് വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങൾ, വ്യവസായ വികസനം എന്നിവയിലെ സഹകരണത്തിന് സന്ദർശനം കൂടുതൽ ഊർജം നൽകി. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്ന വിശാലമായ ലക്ഷ്യത്തിനും ഇത് പിന്തുണയായി.
.