റായ്റംഗ്പുർ (ഒഡിഷ)/ 2026 / നവംബർ 5
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിൽ സായുധസേനാ മെഡിക്കൽ സർവീസസ് സംഘടിപ്പിച്ച ബഹുവിഭാഗ ചികിത്സാ ക്യാമ്പിൽ നാലായിരത്തിലേറെ പേർക്ക് ചികിത്സ നൽകി. കാഴ്ച വീണ്ടെടുക്കുന്നതിനുള്ള 365 നേത്രശസ്ത്രക്രിയകളും നടത്തി. നവംബർ രണ്ടു മുതൽ നാലുവരെ നടന്നത് ഓപ്പറേഷൻ ദൃഷ്ടിയുടെ പന്ത്രണ്ടാമത് ക്യാമ്പാണ്. മേഖലയിലെ ജനങ്ങൾക്ക് ആധുനിക ചികിത്സ അടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ സമഗ്രമായ വിദഗ്ധ ചികിത്സ സൗജന്യമായി ലഭ്യമാക്കി.
ചുഴലിക്കാറ്റിന്റെ വെല്ലുവിളിക്കിടയിലും ചികിത്സ തുടർന്നു
സായുധസേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ എയർ മാർഷൽ സന്ദീപ് തരേജ നവംബർ നാലിന് ക്യാമ്പ് സന്ദർശിച്ചു. പരിശോധനയ്ക്കെത്തിയവരുമായും ശസ്ത്രക്രിയയ്ക്കുശേഷം പരിചരണത്തിൽ കഴിയുന്നവരുമായും അദ്ദേഹം സംസാരിച്ചു. നേത്രശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് മരുന്നുകിറ്റുകളും വിതരണം ചെയ്തു. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിലും ചികിത്സ മുടങ്ങാതെ സേവനം തുടർന്ന മെഡിക്കൽ സംഘങ്ങളുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
ഒരിടത്ത് വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ
നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, ത്വക്ക്രോഗം, ദന്തചികിത്സ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. എത്തിയ എല്ലാ രോഗികൾക്കും ക്യാമ്പിൽത്തന്നെ വൈദ്യസഹായം നൽകി. പ്രാഥമിക പരിശോധനകളും രോഗനിർണയ പരിശോധനകളും ചികിത്സയും ലഭ്യമാക്കി. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായവരെ അതിനായി റഫർ ചെയ്തു. ഹൃദ്രോഗ വിഭാഗം നാനൂറിലേറെ രോഗികളെ പരിശോധിച്ചു. 298 ഇസിജികളും 406 എക്കോകാർഡിയോഗ്രാം പരിശോധനകളും നടത്തി. ആൻജിയോഗ്രഫി, സിടി ആൻജിയോഗ്രഫി, ഹൃദയവാൽവ് ശസ്ത്രക്രിയ, ഉപകരണങ്ങൾ ഘടിപ്പിക്കൽ, ബലൂൺ ഉപയോഗിച്ച് ശ്വാസകോശ ധമനിവാൽവിലെ ചുരുക്കം നീക്കുന്ന ചികിത്സ എന്നിവ ഉൾപ്പെടെയുള്ള തുടർചികിത്സകൾ ആവശ്യമായ 29 പേരെ കണ്ടെത്തി.
വൃക്കരോഗ വിഭാഗം നാനൂറിലേറെ പേർക്ക് ചികിത്സ നൽകുകയും 341 അൾട്രാസൗണ്ട് പരിശോധനകൾ നടത്തുകയും ചെയ്തു. ത്വക്ക്രോഗ വിഭാഗം അഞ്ഞൂറിലേറെ പേരെ പരിശോധിച്ചു. ദന്തചികിത്സാ സംഘം 221 രോഗികൾക്ക് ചികിത്സ നൽകി. 198 ചികിത്സാ നടപടികളും നടത്തി. ജനറൽ മെഡിസിൻ വിഭാഗത്തിൽ 339 പേർക്ക് ചികിത്സ ലഭിച്ചു.
സങ്കീർണമായ തിമിരത്തിനും വിജയകരമായ ശസ്ത്രക്രിയ
പഴയ കണ്ണുപരിക്കിനെത്തുടർന്ന് സങ്കീർണമായ തിമിരവുമായി കഴിഞ്ഞിരുന്ന എഴുപത്തഞ്ചുകാരൻ ബിശ്വനാഥ് ക്യാമ്പിന്റെ ഗുണഭോക്താക്കളിൽ ഒരാളാണ്. ചെറിയ മുറിവിലൂടെ കൈകൊണ്ട് തിമിരം നീക്കി, കണ്ണിന്റെ വെള്ളനിറത്തിലുള്ള പുറംപാളിയിൽ ഉറപ്പിക്കുന്ന കൃത്രിമ ലെൻസ് ശസ്ത്രക്രിയാ സംഘം വിജയകരമായി ഘടിപ്പിച്ചു. ഇതിലൂടെ അദ്ദേഹത്തിന്റെ കാഴ്ച മെച്ചപ്പെടാനുള്ള സാധ്യത വീണ്ടെടുത്തു.
അറുപതുകാരിയായ സോംബാരി ഗോപെയ്ക്ക് ഘടനാപരമായി വലുപ്പം കുറഞ്ഞ കണ്ണിൽ കടുത്ത തിമിരമായിരുന്നു. ചെറിയ മുറിവിലൂടെ കൈകൊണ്ട് തിമിരം നീക്കി, കണ്ണിലെ പിൻ അറയിൽ കൃത്രിമ ലെൻസ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയ ഡോക്ടർമാർ വിജയകരമായി നടത്തി. കണ്ണിന്റെ മുൻഭാഗത്തെ സുതാര്യപാളിയായ കോർണിയയ്ക്ക് സംരക്ഷണം ഉറപ്പാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്.

രാഷ്ട്രപതിയുടെ നാട്ടിൽ ചികിത്സയുടെ പുതിയ നാഴികക്കല്ല്
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വദേശമായ പ്രദേശത്ത് നടന്ന ക്യാമ്പ് ഓപ്പറേഷൻ ദൃഷ്ടിയുടെ മറ്റൊരു പ്രധാന നാഴികക്കല്ലായി. രാജ്യത്ത് ചികിത്സാസൗകര്യങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്ത മേഖലകളിലേക്ക് വിദഗ്ധ നേത്രപരിചരണവും ആധുനിക ചികിത്സയും എത്തിക്കുകയാണ് സായുധസേനാ മെഡിക്കൽ സർവീസസിന്റെ ഈ പദ്ധതിയുടെ ലക്ഷ്യം. മയൂർഭഞ്ചിലെ ജനങ്ങളുടെ പടിവാതിൽക്കൽ വിദഗ്ധ ചികിത്സയും കാഴ്ചയുടെ സമ്മാനവും എത്തിക്കാൻ ക്യാമ്പിലൂടെ കഴിഞ്ഞു. മാനുഷിക സേവനത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനുള്ള ദൃഢനിശ്ചയവും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിലൂടെ സായുധസേനാ മെഡിക്കൽ സർവീസസ് വ്യക്തമാക്കി.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.