ന്യൂഡൽഹി / 2026 / നവംബർ 05
ലിഥിയം, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കൾ രാജ്യത്തിനകത്ത് സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്കരണശാലകൾ സ്ഥാപിക്കാനും പ്രവർത്തനസജ്ജമാക്കാനും മൂലധനച്ചെലവിന് സഹായം നൽകുന്നതാണ് പദ്ധതി. 2026–27 മുതൽ 2030–31 വരെയുള്ള അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധി. ആഭ്യന്തര സംസ്കരണശേഷി വർധിപ്പിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.
ചുരുക്കം കേന്ദ്രങ്ങളിലെ സംസ്കരണം വിതരണത്തിന് വെല്ലുവിളി
ലോകത്ത് നിർണായക ധാതുക്കളുടെ സംസ്കരണം ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാൽ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളും വിലയിലെ ചാഞ്ചാട്ടവും വിതരണനിയന്ത്രണങ്ങളും ഇവയുടെ ലഭ്യതയെ ബാധിക്കാം. വിതരണശൃംഖലയുടെ സ്ഥിരതയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണ്. ദേശീയ സുരക്ഷ, സാമ്പത്തിക പരമാധികാരം, കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കൽ എന്നിവയെയും ഇത് ബാധിക്കുന്നു.
ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ശുദ്ധീകരിച്ച ഇടനില ഉൽപ്പന്നങ്ങൾക്കും ഉയർന്ന ശുദ്ധിയുള്ള വസ്തുക്കൾക്കും രാജ്യം വലിയതോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നു. ആഭ്യന്തര സംസ്കരണശേഷിയും പരിമിതമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് വലിയ മൂലധനം വേണമെന്നതും അനുയോജ്യമായ സാങ്കേതികവിദ്യകളുടെ ലഭ്യതക്കുറവും അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതിലെ പരിമിതികളും വെല്ലുവിളിയാണ്. രാജ്യത്തിനകത്തെ മൂല്യവർധന പരമാവധിയാക്കാനും ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും എല്ലാ ഘട്ടങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തമായ മൂല്യശൃംഖലകൾ സ്ഥാപിക്കാനും സംസ്കരണശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.
വൈദ്യുത വാഹനങ്ങൾ മുതൽ പ്രതിരോധമേഖല വരെ പ്രയോജനം
ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര സംസ്കരണശാലകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള മൂലധനച്ചെലവിന് പ്രത്യേക സഹായം നൽകുന്ന പദ്ധതി തയ്യാറാക്കിയത്. ഇന്ത്യയിൽ സംസ്കരണശേഷി വികസിപ്പിച്ച് രാജ്യത്തിനകത്ത് മൂല്യവർധന ഉറപ്പാക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, മൂല്യശൃംഖല വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
ലിഥിയം, നിക്കൽ അയിരുകളെയും ഇടനില ഉൽപ്പന്നങ്ങളെയും ഉയർന്ന ശുദ്ധിയുള്ള സംയുക്തങ്ങളാക്കി മാറ്റുന്നതിനാണ് പദ്ധതി സഹായം നൽകുക. നിക്കൽ ഉൽപ്പാദനത്തിനിടെ ഉപോൽപ്പന്നമായി കൊബാൾട്ടും വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. വൈദ്യുത വാഹനങ്ങൾ, ബാറ്ററിയിൽ ഊർജം സംഭരിക്കുന്ന സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, പ്രതിരോധം, പ്രത്യേക ഗുണങ്ങളുള്ള ഉരുക്ക് തുടങ്ങിയ നിർണായക മേഖലകൾക്ക് ഇത് പിന്തുണ നൽകും.
നിക്ഷേപത്തിന്റെ മുപ്പത് ശതമാനം സബ്സിഡി
ആകെ 2,814 കോടി രൂപ വകയിരുത്തിയ പദ്ധതിയിലൂടെ നാല് നിർണായക ധാതുസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സഹായം നൽകുക. അർഹമായ നിക്ഷേപത്തിന്റെ മുപ്പത് ശതമാനം മൂലധന സബ്സിഡിയായി ലഭിക്കും. കുറഞ്ഞത് 30,000 ടൺ വീതം ശേഷിയുള്ള രണ്ട് ലിഥിയം സംസ്കരണ പ്ലാന്റുകളും കുറഞ്ഞത് 50,000 ടൺ വീതം ശേഷിയുള്ള രണ്ട് നിക്കൽ സംസ്കരണ പ്ലാന്റുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ലിഥിയം സംസ്കരണത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും പരമാവധി 500 കോടി രൂപയാണ് മൂലധനസഹായം. നിക്കൽ സംസ്കരണത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും പരമാവധി 900 കോടി രൂപ ലഭിക്കും.
കുറഞ്ഞ സഹായം ആവശ്യപ്പെടുന്നവർക്ക് മുൻഗണന
രണ്ട് ഘട്ടങ്ങളിലായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ അപേക്ഷകരുടെ സാങ്കേതിക യോഗ്യത പരിശോധിക്കും. അതിൽ യോഗ്യത നേടുന്നവർക്ക് മാത്രമേ രണ്ടാംഘട്ടത്തിലെ സാമ്പത്തിക ലേലത്തിൽ പങ്കെടുക്കാനാകൂ. പദ്ധതിപ്രകാരം ഏറ്റവും കുറഞ്ഞ മൂലധനസഹായം ആവശ്യപ്പെടുന്നവരെ അടിസ്ഥാനമാക്കി ഓരോ ധാതുവിനും രണ്ട് ഗുണഭോക്താക്കളെ വീതം തിരഞ്ഞെടുക്കും. നിശ്ചയിച്ച പുരോഗതിഘട്ടങ്ങൾ കൈവരിക്കുന്നതിന് അനുസരിച്ച് മൂന്ന് ഗഡുക്കളായി സഹായം വിതരണം ചെയ്യും.
പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന ആഭ്യന്തര സംസ്കരണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും നിർണായക ധാതുക്കളുടെ മൂല്യശൃംഖലയിലുടനീളം ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് പദ്ധതി.
.