ന്യൂഡൽഹി / 2026 / നവംബർ 05
രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനം നവീകരിക്കുന്നതിനുള്ള വിസ്താർ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 2026–27 സാമ്പത്തികവർഷം മുതൽ 2030–31 വരെ നടപ്പാക്കുന്ന കേന്ദ്രമേഖലാ പദ്ധതിക്ക് 4,371.10 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വികസിത് ഭാരത് ഇനിഷ്യേറ്റീവ് ഫോർ സ്റ്റാറ്റിസ്റ്റിക്കൽ ട്രാൻസ്ഫർമേഷൻ, അനലിറ്റിക്സ് ആൻഡ് റിസർച്ച് എന്നാണ് പദ്ധതിയുടെ പൂർണരൂപം. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന് അനുസൃതമായി, വിവരങ്ങൾ സമയബന്ധിതമായും കൂടുതൽ സൂക്ഷ്മതയോടെയും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. തത്സമയ വിവരങ്ങൾ കൈകാര്യം ചെയ്യാനും ഭാവിയിലെ ആവശ്യങ്ങൾ നേരിടാനും കഴിയുന്ന സംവിധാനമാണ് ഒരുക്കുക. വിവിധ സംവിധാനങ്ങൾക്ക് പരസ്പരം കൈമാറി ഉപയോഗിക്കാവുന്നതും ഏകീകൃതവും നിർമിതബുദ്ധിക്ക് ഉപയോഗിക്കാൻ സജ്ജവുമായ വിവരശേഖരങ്ങളും ഇതിലൂടെ രൂപപ്പെടുത്തും.
അടിയന്തര നയാവശ്യങ്ങൾക്ക് അനുസരിച്ച് വിഭവങ്ങൾ വിനിയോഗിക്കും
അടിയന്തര നയാവശ്യങ്ങൾക്കനുസരിച്ച് വിഭവങ്ങൾ വിനിയോഗിക്കാൻ പദ്ധതിയിൽ വഴക്കമുണ്ടാകും. വലിയ സർവേകൾ നടത്തുക, വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും രീതികളെക്കുറിച്ച് ഗവേഷണം നടത്തുക, ഡിജിറ്റൽ പരിവർത്തനം നടപ്പാക്കുക, ദേശീയതലത്തിൽ വിവരങ്ങളുടെ നടത്തിപ്പും മേൽനോട്ടവും മെച്ചപ്പെടുത്തുക എന്നിവയെ ഒരുമിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുക. സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ എല്ലാ സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങളും വിവരനിർവഹണ പ്രവർത്തനങ്ങളും വിസ്താറിന്റെ പരിധിയിൽ വരും. രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കും. സമഗ്ര സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങളും അനുബന്ധ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തലും, സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ, സാമ്പത്തിക സെൻസസ് എന്നിവയാണ് പദ്ധതിയുടെ മൂന്ന് ഘടകങ്ങൾ.
സർവേകൾ 59 ആക്കും; നിർമിതബുദ്ധിയും ഉപയോഗിക്കും
സമഗ്ര സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മിഷൻ കാലയളവിൽ 59 സർവേകൾ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. മുൻകാലത്ത് നടത്തിയ 43 പ്രധാന സർവേകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വർധനയാണ്. വിവിധ മേഖലകളിലെ നിർണായക വിവരങ്ങളുടെ അഭാവം പരിഹരിക്കാനും തീരുമാനമെടുക്കൽ മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ആവശ്യമായ വിഭാഗങ്ങളെ ലക്ഷ്യമിട്ട് സമയബന്ധിതമായ നയനടപടികൾ സ്വീകരിക്കാനും വിവരങ്ങൾ സഹായിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണത്തിലും ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വിവരവിതരണത്തിലും അടുത്തിടെ കൈവരിച്ച ഡിജിറ്റൽ പുരോഗതി വിപുലീകരിക്കും. സ്ഥിതിവിവരക്കണക്ക് നടപടികൾ തുടക്കം മുതൽ അവസാനം വരെ ഡിജിറ്റലാക്കും. വിവരങ്ങളുടെ സംസ്കരണം, കൃത്യത പരിശോധിക്കൽ, വിശകലനം എന്നിവയ്ക്കായി പതിവ് പ്രവർത്തനങ്ങളിൽ നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും ഉൾപ്പെടുത്തും.
സേവന ഉൽപ്പാദനത്തിന്റെ മുഖ്യ സൂചികയും കോർപ്പറേറ്റ് രൂപത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മേഖലയിലെ സംരംഭങ്ങളുടെ സൂചികയും ഉൾപ്പെടെ പുതിയ അളവുകോലുകൾ പുറത്തിറക്കാനും മന്ത്രാലയം പദ്ധതിയിടുന്നു. വിവരങ്ങളുടെ പട്ടിക തയ്യാറാക്കൽ, യന്ത്രങ്ങൾക്ക് വായിക്കാവുന്ന രൂപത്തിലാക്കൽ, സംവിധാനങ്ങൾ തമ്മിലുള്ള വിവരകൈമാറ്റം, പങ്കിടൽ ചട്ടങ്ങൾ, രൂപകൽപ്പനയുടെ തുടക്കം മുതലുള്ള സ്വകാര്യതാ സംരക്ഷണം എന്നിവ ശക്തിപ്പെടുത്തും. വിവരങ്ങൾ വിവിധ സംവിധാനങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥ ഒഴിവാക്കാനും പദ്ധതികളുടെ ലക്ഷ്യനിർണയം മെച്ചപ്പെടുത്താനും ആവർത്തനം കുറയ്ക്കാനും ഇതിലൂടെ ശ്രമിക്കും. ഭരണത്തിന്റെ വിവിധ തലങ്ങളിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ തീരുമാനമെടുക്കുന്നതിനും ഇത് വഴിയൊരുക്കും. മൊബൈൽ ഫോൺ, സ്കാനർ, ഇ കൊമേഴ്സ് എന്നിവയിൽനിന്നുള്ള വിവരങ്ങൾ പരമ്പരാഗത സർവേകൾക്ക് അനുബന്ധമായി ഉപയോഗിക്കും. മറുപടി നൽകുന്നവരുടെ ഭാരം കുറയ്ക്കാനും വിവരങ്ങളുടെ അഭാവം പരിഹരിക്കാനും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലൂടെയും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള ഗവേഷണ നിർദേശങ്ങളിലൂടെയും യുവാക്കൾക്കും ഗവേഷകർക്കും കൂടുതൽ അവസരങ്ങളും ശേഷിവികസനവും ഉറപ്പാക്കും.
സംസ്ഥാനങ്ങൾക്ക് സഹായം; ജില്ലാതല കണക്കുകൾ മെച്ചപ്പെടുത്തും
സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണാ ഘടകത്തിലൂടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ധനസഹായം നൽകും. കൈവരിക്കുന്ന ഫലങ്ങളുമായി ബന്ധിപ്പിച്ച് പുതുക്കിയ എസ് എസ് എസ് രണ്ടാം പതിപ്പിന്റെ ചട്ടക്കൂടിലായിരിക്കും സഹായം. ജില്ലാതലത്തിലും മറ്റു ഉപവിഭാഗങ്ങളുടെ തലങ്ങളിലും ഉയർന്ന നിലവാരമുള്ള വിശദമായ വിവരങ്ങൾ തയ്യാറാക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശീയ വിവരസംസ്കരണ ശേഷി വികസിപ്പിക്കുകയും പ്രാദേശിക നയരൂപീകരണത്തിൽ വിവരങ്ങളുടെ പ്രായോഗിക ഉപയോഗം ഉൾപ്പെടുത്തുകയും ചെയ്യും.
ആനുകാലിക തൊഴിൽശക്തി സർവേ, കുടുംബ ഉപഭോഗച്ചെലവ് സർവേ, കോർപ്പറേറ്റ് രൂപത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മേഖലയിലെ സംരംഭങ്ങളുടെ വാർഷിക സർവേ തുടങ്ങിയ പ്രധാന ദേശീയ സർവേകളിൽ ജില്ലാതല കണക്കുകളും പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ കണക്കുകളും കൂടുതൽ തയ്യാറാക്കാൻ മന്ത്രാലയം സാങ്കേതിക സഹായം നൽകും. സംസ്ഥാന, ജില്ലാതല മൊത്ത ആഭ്യന്തര ഉൽപ്പാദന കണക്കുകളും സംസ്ഥാനതല വ്യാവസായിക ഉൽപ്പാദന സൂചികയും തയ്യാറാക്കുന്നതിനും പിന്തുണ നൽകും.
എട്ടാം സാമ്പത്തിക സെൻസസ് ഗ്രാമപഞ്ചായത്തുതലം വരെ
സാമ്പത്തിക സെൻസസ് ഘടകത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സഹകരിച്ച് മന്ത്രാലയം എട്ടാം സാമ്പത്തിക സെൻസസ് നടത്തും. കാർഷികേതര സ്ഥാപനങ്ങളുടെയും അവയിലെ പ്രവർത്തനങ്ങളുടെയും നിയമിക്കപ്പെട്ട തൊഴിലാളികളുടെയും വിശദവിവരങ്ങൾ ഗ്രാമപഞ്ചായത്ത്, വാർഡ് തലം വരെ ശേഖരിക്കും. സമ്പദ്വ്യവസ്ഥയിലെ അസംഘടിത മേഖലയെ വിലയിരുത്താനും ഇതിലൂടെ കഴിയും. ദേശീയ സ്ഥിതിവിവരക്കണക്ക് ബിസിനസ് രജിസ്റ്റർ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായും സെൻസസ് വിവരങ്ങൾ ഉപയോഗിക്കും. സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ള സർവേകൾക്കും തന്ത്രപരമായ ഇടപെടലുകൾക്കും രജിസ്റ്റർ സഹായിക്കും.
ദേശീയതലത്തിലും അതിനു താഴെയുള്ള തലങ്ങളിലും പ്രവർത്തിക്കുന്ന ആസൂത്രകർക്കും നയരൂപീകരണ ചുമതലയുള്ളവർക്കും സാമ്പത്തിക സെൻസസ് വിവരങ്ങൾ ഏറെ പ്രയോജനപ്പെടും. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ അസംഘടിത മേഖല നൽകുന്ന സംഭാവന കണക്കാക്കുന്നതിനും ഇത് വഴിയൊരുക്കും.
.
VI