ന്യൂഡൽഹി / 2026 / നവംബർ 03
യുവാക്കൾക്ക് വോട്ടവകാശത്തെക്കുറിച്ച് അവബോധം നൽകാൻ മേരാ യുവ ഭാരത് സംഘടിപ്പിച്ച ‘വികസിത ഭാരത യുവസംവാദം: നിങ്ങളുടെ വോട്ടിനെ അറിയുക’ പരിപാടികളിൽ നവംബർ രണ്ടിന് പങ്കെടുത്തത് 11,800ലേറെ പേർ. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പിന് കീഴിൽ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 60 പരിപാടികളാണ് നടന്നത്. ഇതോടെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ യുവസംവാദങ്ങളുടെ എണ്ണം 220 ആയി. ആകെ 43,995 യുവാക്കളും യുവാക്കൾക്ക് പ്രചോദനമായ 220 വ്യക്തിത്വങ്ങളും ഇതുവരെ പങ്കെടുത്തു.
ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് പ്രത്യേക ശ്രദ്ധ
ഒക്ടോബർ 26 മുതൽ നവംബർ അഞ്ചുവരെയാണ് രാജ്യവ്യാപക പ്രചാരണം. രാജ്യത്തെ 500 സർവകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യം. യുവാക്കളിൽ, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരിൽ, തിരഞ്ഞെടുപ്പ് അവബോധം വളർത്താനും കാര്യങ്ങൾ മനസ്സിലാക്കി ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ശ്രമം.
വോട്ടവകാശം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, പൗരന്റെ ഉത്തരവാദിത്വങ്ങൾ എന്നിവ യുവാക്കൾക്ക് പരിചയപ്പെടുത്തുന്നു. ജനപ്രതിനിധികളുമായും യുവാക്കൾക്ക് പ്രചോദനമായ വ്യക്തിത്വങ്ങളുമായും മറ്റു പ്രമുഖരുമായും സംവദിക്കാനും അവസരം നൽകുന്നു.
വോട്ടവകാശത്തെക്കുറിച്ച് സംസാരിച്ച് കേന്ദ്രമന്ത്രിയും എംപിമാരും
ന്യൂഡൽഹിയിലെ പരിപാടിയിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ, റോഡ് ഗതാഗത ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു. വോട്ടവകാശം, തിരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം, ഉത്തരവാദിത്വമുള്ള പൗരന്മാരായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പശ്ചിമബംഗാളിലെ നദിയയിൽ നടന്ന പരിപാടിയിൽ റാണാഘട്ട് പട്ടികജാതി സംവരണ ലോക്സഭാ മണ്ഡലത്തിലെ എംപി ജഗന്നാഥ് സർക്കാർ വിദ്യാർഥികളുമായി സംവദിച്ചു. അസമിലെ നാഗാവിൽ എംപി ദേവാശിഷ് ശർമ യുവാക്കളുമായി ആശയവിനിമയം നടത്തി.
ബിഹാറിൽ ജനാധിപത്യ പ്രതിജ്ഞ; ഹരിയാനയിൽ കായികതാരവുമായി സംവാദം
ബിഹാറിലെ പൂർബി ചമ്പാരനിലും മോത്തിഹാരിയിലും സിവാനിലും നടന്ന പരിപാടികളിൽ പങ്കെടുത്തവർ കൂട്ടായി ജനാധിപത്യ പ്രതിജ്ഞ ചൊല്ലി. ഉത്തരവാദിത്വമുള്ള പൗരന്മാരാകാനും ജനാധിപത്യത്തിൽ സജീവമായി പങ്കെടുക്കാനുമുള്ള പ്രതിബദ്ധത അവർ പുതുക്കി. കതിഹാറിലെ യുവസംവാദത്തിൽ ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും കതിഹാർ സദർ എംഎൽഎയുമായ താർകിഷോർ പ്രസാദ് പങ്കെടുത്തു. സ്വന്തം വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി സംഭാവന നൽകാനും അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

ഹരിയാനയിലെ പാനിപ്പത്തിൽ വുഷു താരവും യുവാക്കളുടെ പ്രചോദന വ്യക്തിത്വവുമായ ആര്യൻ സൂദ് യുവാക്കളുമായി സംവദിച്ചു. രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്ക്, വോട്ടിങ് അവബോധം, കായികരംഗത്തെ തൊഴിൽസാധ്യതകൾ എന്നിവയായിരുന്നു വിഷയങ്ങൾ. പഞ്ചാബിലെ മാൻസയിൽ യുവാക്കളുടെ പ്രചോദന വ്യക്തിത്വവും പങ്കാളികളും തമ്മിലുള്ള സംവാദവും കൂട്ടായ ജനാധിപത്യ പ്രതിജ്ഞയും നടന്നു.
മധ്യപ്രദേശിൽ മേരാ യുവ ഭാരതിലെ അവസരങ്ങളും പരിചയപ്പെടുത്തി
മധ്യപ്രദേശിലെ ബർവാനി, ബാലാഘട്ട്, ഭിന്ദ്, ഛിന്ദ്വാര, ഡിൻഡോരി, ഗുണ, പന്ന, രത്ലാം, സാഗർ എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു. യുവാക്കൾക്ക് പ്രചോദനമായ വ്യക്തിത്വങ്ങൾ, കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവരുമായി സംവാദവും ജനാധിപത്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.
മേരാ യുവ ഭാരത് നൽകുന്ന അവസരങ്ങളും അതിന്റെ ഡിജിറ്റൽ വേദികളും പരിപാടികളിലൂടെ യുവാക്കൾക്ക് പരിചയപ്പെടുത്തി.

അമേഠിയിൽ ചോദ്യോത്തരവും കവിതയും പ്രചോദന പ്രസംഗങ്ങളും
ഉത്തർപ്രദേശിലെ അമേഠിയിൽ സുൽത്താൻപുർ പ്രദേശത്ത് നടന്ന പരിപാടിയിൽ യുവാക്കളുടെ പ്രചോദന വ്യക്തിത്വം വിഷയാവതരണം നടത്തി. തുടർന്ന് ചോദ്യോത്തരവും സംവാദവും നടന്നു. സാമൂഹികമാധ്യമങ്ങളിൽ സ്വാധീനമുള്ള ഋഷഭ് മിശ്ര പങ്കാളികളെ അഭിസംബോധന ചെയ്യുകയും കവിത ചൊല്ലുകയും ചെയ്തു. ഡോക്ടർ ധനഞ്ജയ് സിങ്ങും വിഷുവ് മിശ്രയും പ്രചോദന പ്രസംഗങ്ങൾ നടത്തുകയും യുവാക്കളുമായി സംവദിക്കുകയും ചെയ്തു.
ജനപ്രതിനിധികളുമായും യുവാക്കൾക്ക് പ്രചോദനമായ വ്യക്തിത്വങ്ങളുമായും ആശയവിനിമയം നടത്താൻ ഈ പരിപാടികളിലൂടെ മേരാ യുവ ഭാരത് അവസരം നൽകുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കാനും ജനാധിപത്യ പങ്കാളിത്തത്തെയും പൗരന്റെ ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനും യുവാക്കളെ സഹായിക്കുന്നു.
.