ന്യൂഡൽഹി /2026 / ഒക്ടോബർ 30
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഇൻക്യുബേഷൻ കേന്ദ്രമായ എഐഐഎ ഐകെയിൻ ആറാം സ്ഥാപകദിനം ആഘോഷിച്ചു. ആയുർവേദത്തിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ ആശയങ്ങൾ കണ്ടെത്താൻ ദേശീയ മത്സരം പ്രഖ്യാപിച്ചു. രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ആയുർവേദത്തിനായി ബൗദ്ധിക സ്വത്തവകാശ സഹായകേന്ദ്രവും ആരംഭിച്ചു. സംരംഭകത്വത്തിലും ഡിസൈൻ തിങ്കിങ്ങിലും ശേഷി വികസിപ്പിക്കാനുള്ള ശിൽപ്പശാലയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ആയുർവേദ അറിവും ഗവേഷണവും പ്രായോഗിക പരിഹാരങ്ങളും ഉൽപ്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാനാണ് ഇൻക്യുബേറ്റർ ശ്രമിക്കുന്നതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ പ്രൊഫസർ വൈദ്യ പി. കെ. പ്രജാപതി പറഞ്ഞു. പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും വ്യവസായ സ്ഥാപനങ്ങളും അക്കാദമിക മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും കേന്ദ്രം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആറുവർഷത്തിനിടെ പരിഹാരം കണ്ടെത്തേണ്ട 52 പ്രശ്നവിഷയങ്ങൾക്ക് ഇൻക്യുബേറ്റർ പിന്തുണ നൽകി. നൂറിലേറെ സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് മാർഗനിർദേശം നൽകി. ഒമ്പത് സ്റ്റാർട്ടപ്പുകൾക്ക് മൂന്നുലക്ഷം രൂപ വീതം പ്രാരംഭ ധനസഹായവും അനുവദിച്ചു. സംരംഭക യാത്രയിൽ മുന്നോട്ടുപോകാൻ ഈ സഹായം അവരെ പിന്തുണച്ചതായും പ്രജാപതി പറഞ്ഞു.
ആയുർവേദത്തിലെ നിർമിതബുദ്ധി പരിഹാരങ്ങൾക്ക് ദേശീയ മത്സരം
ആഘോഷത്തിലെ പ്രധാന പ്രഖ്യാപനമായിരുന്നു ആയുഷ്ടെക് ഇന്നൊവേറ്റ് ദേശീയ ഓപ്പൺ ആയുർവേദ എഐ ചലഞ്ച്. ആയുഷ് മന്ത്രാലയവും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും സഹകരിച്ച് ബോംബെ ഐഐടിയിലെ ടെക്ഫെസ്റ്റാണ് മത്സരം സംഘടിപ്പിക്കുന്നത്.
ബോംബെ ഐഐടി വികസിപ്പിച്ച ഓപ്പൺ സോഴ്സ് ആയുർവേദ ലാർജ് ലാംഗ്വേജ് മോഡലായ ആയുർപരമാണ് മത്സരത്തിന് പ്രയോജനപ്പെടുത്തുന്നത്. വിശ്വസനീയവും സുതാര്യവും സുരക്ഷിതവും പ്രായോഗികവുമായ നിർമിതബുദ്ധി പരിഹാരങ്ങൾ ആയുർവേദത്തിനായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ആയുർവേദ ചികിത്സാരീതി, പാരമ്പര്യ ഗ്രന്ഥങ്ങളിലെ വിവരങ്ങൾ കണ്ടെത്തൽ, ഗവേഷണം, ചികിത്സാ ആസൂത്രണം, പൊതുജനാരോഗ്യ ബോധവത്കരണം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾക്ക് പരിഹാരം തേടും. ദേശീയതലത്തിലെ അന്തിമ മത്സരം 2026 ഡിസംബർ 15 മുതൽ 18 വരെ ബോംബെ ഐഐടിയിൽ നടക്കും.
ഗവേഷണത്തിനും ചർമപരിചരണ ഉൽപ്പന്നങ്ങൾക്കും രണ്ട് കരാറുകൾ
ആയുർവേദ ഗവേഷണം, നവീകരണം, ആശയങ്ങളെ വിപണിയിലെത്തിക്കൽ എന്നിവ ശക്തിപ്പെടുത്താനാണ് എഐഐഎ ഐകെയിൻ രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. വേൾഡ് ആയുർവേദ ഫൗണ്ടേഷനുമായുള്ള കരാറിലൂടെ ആയുർവേദത്തിലെ നിർമിതബുദ്ധിക്കായി ‘എഐ ഇൻ ആയ്’ സെക്രട്ടേറിയറ്റ് സ്ഥാപിക്കും. നിർമിതബുദ്ധി അധിഷ്ഠിത ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹകരണ വേദിയായിരിക്കും ഇത്.
സംയുക്ത ഗവേഷണം, ധനസഹായത്തിനും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്കുമുള്ള നിർദേശങ്ങൾ, ശേഷിവികസന പരിപാടികൾ, ഹാക്കത്തോണുകൾ, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ എന്നിവയ്ക്ക് ഈ സഹകരണം പിന്തുണ നൽകും. ആയുർവേദത്തിൽ ഉത്തരവാദിത്തത്തോടെയുള്ള നിർമിതബുദ്ധി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഫൗണ്ടേഷന്റെ ദേശീയ, അന്തർദേശീയ ബന്ധങ്ങളും പ്രയോജനപ്പെടുത്തും.
റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന്റെ പഹാഡി ലോക്കലുമായാണ് രണ്ടാമത്തെ ധാരണാപത്രം. പാരമ്പര്യ ആയുർവേദ അറിവിനെ വിപണിസാധ്യതയുള്ള ചർമപരിചരണ ഉൽപ്പന്നങ്ങളാക്കാൻ ഉൽപ്പന്നക്കൂട്ടുകളുടെ രൂപീകരണത്തിൽ ഉപദേശം നൽകും. ഉൽപ്പന്ന വികസനം, പരിശോധന, നിർമാണം, വിപണനം എന്നിവ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കും. ആയുർവേദത്തിലെ പുതിയ ആശയങ്ങൾ വിപണിയിലെത്തിക്കാനും വ്യവസായ–അക്കാദമിക സഹകരണം ശക്തമാക്കാനും ഇതിലൂടെ വഴിയൊരുങ്ങും.
ആശയങ്ങൾ സംരക്ഷിക്കാനും സംരംഭങ്ങൾ വളർത്താനും പരിശീലനം
ആയുർവേദത്തിനായി ബൗദ്ധിക സ്വത്തവകാശ സഹായകേന്ദ്രം ആരംഭിച്ചതും ആഘോഷത്തിലെ പ്രധാന നടപടിയായി. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യം. ഉൽപ്പന്ന വികസനത്തിലേക്കും വിപണനത്തിലേക്കും കടക്കുമ്പോൾ സ്വന്തം കണ്ടുപിടിത്തങ്ങളും പുതിയ ആശയങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ആയുർവേദ മേഖലയിലെ നവീന ആശയക്കാരെയും സംരംഭകരെയും കേന്ദ്രം സഹായിക്കും.
ആയുർവേദ സംരംഭങ്ങൾക്കായി ബ്രാൻഡിങ്, വിലനിർണയ തന്ത്രങ്ങൾ, ഡിസൈൻ തിങ്കിങ് എന്നിവയിൽ ശേഷിവികസന ശിൽപ്പശാലയും നടന്നു. റിലയൻസ് റീട്ടെയിൽ ലിമിറ്റഡിലെ ജെസിക്ക ബ്രാൻഡിങ് മാസ്റ്റർക്ലാസ് നയിച്ചു. എഐഐഎ ഐകെയിൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുജിത് എരണേഴത്ത് വിലനിർണയ തന്ത്രങ്ങളെക്കുറിച്ചുള്ള സെഷനും ഡിസൈൻ തിങ്കിങ് മാസ്റ്റർക്ലാസും നയിച്ചു.
ഉപയോക്താക്കളുടെ ആവശ്യങ്ങൾ വിലയിരുത്തൽ, പ്രശ്നങ്ങൾ കണ്ടെത്തൽ, ആശയരൂപീകരണം, പ്രാഥമിക മാതൃക നിർമാണം, പരിശോധന എന്നിവ സെഷനുകളിൽ ഉൾപ്പെടുത്തി. ആയുർവേദ മേഖലയ്ക്കായി ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതും ചർച്ചയായി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിനെക്കുറിച്ചുള്ള വിശദീകരണം, ടെക്ഫെസ്റ്റ് ഹാക്കത്തോണിന്റെ തുടക്കം, ‘ആയുപ്രണർ: തുടക്കക്കാർക്കുള്ള പദാവലി’യുടെ പ്രകാശനം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025 വിജയികൾക്കുള്ള ഗ്രാന്റ് വിതരണം എന്നിവയും നടന്നു.
പൊതുമേഖലയിലെ ആദ്യ ആയുർവേദ ബിസിനസ് ഇൻക്യുബേറ്റർ
ഇൻക്യുബേഷൻ വിഭാഗം മേധാവി ഡോക്ടർ അരുൺ കുമാർ മഹാപത്രയുടെ സ്വാഗതപ്രസംഗത്തോടെയാണ് ഔദ്യോഗിക പരിപാടി ആരംഭിച്ചത്. മുഖ്യാതിഥിയായ പ്രൊഫസർ ഡോക്ടർ ശ്രീനിവാസ പ്രസാദ് ബുദുരു സംസാരിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടർ പ്രൊഫസർ വൈദ്യ പി. കെ. പ്രജാപതി അധ്യക്ഷപ്രസംഗം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുജിത് എരണേഴത്തിന്റെ നന്ദിപ്രസംഗത്തിനുശേഷം പങ്കെടുത്തവർ പരസ്പര ബന്ധങ്ങൾ വളർത്തുന്നതിനുള്ള ആശയവിനിമയം നടത്തി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2021 ഒക്ടോബർ 29നാണ് എഐഐഎ ഐകെയിൻ സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ആയുർവേദ ബിസിനസ് ഇൻക്യുബേറ്ററായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആയുർവേദ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും വികസിപ്പിക്കാൻ കേന്ദ്രം പിന്തുണ നൽകുന്നു. മാർഗനിർദേശം, ശേഷിവികസനം, സ്ഥാപന പങ്കാളിത്തം, വ്യവസായ മേഖലയുമായുള്ള സഹകരണം എന്നിവയിലൂടെ നവീകരണവും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തനലക്ഷ്യം.
.